ന്യൂഡല്‍ഹി : യുഎസ് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്നാം വിമാനത്തിലും പുരുഷന്‍മാരെ കൈവിലങ്ങും കാല്‍ച്ചങ്ങലയും ധരിപ്പിച്ചു. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനു 10 മിനിറ്റ് മുന്‍പാണു വിലങ്ങ് നീക്കം ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു. 112 പേരുമായി യുഎസ് സൈനികവിമാനം ഞായറാഴ്ച രാത്രിയാണു പഞ്ചാബിലെ അമൃത്സറില്‍ എത്തിയത്.
അനധികൃത കുടിയേറ്റക്കാരെ പിടികൂടി താമസിപ്പിച്ച ക്യാംപുകളില്‍ തലപ്പാവ് ഉള്‍പ്പെടെ അഴിപ്പിച്ചെന്നു സിഖ് യുവാക്കള്‍ ആരോപിച്ചു. ഇതു ചോദ്യം ചെയ്തവരോട് ആരെങ്കിലും തൂങ്ങിമരിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചുചോദിച്ചത്രേ. ഷൂ ലെയ്‌സ് പോലും ഊരിമാറ്റി. അമൃത്സറില്‍ എത്തിയ ശേഷമാണു തലപ്പാവ് ധരിക്കാനായത്.
യാത്രക്കാരോടുള്ള സമീപനത്തില്‍ ഇന്ത്യ അതൃപ്തി അറിയിക്കുകയും മോദിട്രംപ് കൂടിക്കാഴ്ച നടക്കുകയും ചെയ്തിട്ടും ഫലമുണ്ടായില്ലെന്നു വ്യക്തമാക്കുന്നതാണു വെളിപ്പെടുത്തല്‍. ഫെബ്രുവരി 5ന് എത്തിയ ആദ്യ വിമാനത്തില്‍ കുട്ടികളൊഴികെ എല്ലാവരെയും വിലങ്ങ് അണിയിച്ചിരുന്നെങ്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലെത്തിയ വിമാനങ്ങളില്‍ പുരുഷന്മാര്‍ക്കു മാത്രമായിരുന്നു നിയന്ത്രണം.
യുഎസ് പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദി ഈ വിഷയം ഉയര്‍ത്തിയോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നു തൃണമൂല്‍ എംപി സാകേത് ഗോഖലെ ആവശ്യപ്പെട്ടു. ജനുവരി 20നു ട്രംപ് സ്ഥാനമേറ്റശേഷം 335 ഇന്ത്യക്കാരെയാണു നാടുകടത്തിയത്. കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ എത്തുമെന്നു സൂചനയുണ്ട്.