തിരുവനന്തപുരം: പ്രതികരിക്കുന്നവരെ നിശബ്ദമാക്കുവാനുള്ള അധികാരികളുടെ ശ്രമം വിലപ്പോകില്ലെന്നു അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപോലീത്ത. വന്യജീവി പ്രശ്നം തടയുന്നതിലെ സർക്കാർ അനാസ്ഥയ്ക്ക് എതിരെ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ . പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റിന്റെ മുന്നിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് നടന്ന സമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ബിഷപ്പുമാർ രാഷ്ട്രീയം പറയണമെന്നും രാഷ്ട്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുവാൻ ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ അവകാശമുണ്ടെന്നും അപ്രകാരം പ്രതികരിക്കുമ്പോൾ അതിനെ നിശബ്ദമാക്കുവാനുള്ള അധികാരികളുടെ ശ്രമം വിലപ്പോകില്ലെന്നും വനവും വന്യജീവികളും ഉള്ള ലോകത്തെ ഏക പ്രദേശം കേരളമല്ലെന്ന് ഭരിക്കുന്നവർ ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വന്യജീവികളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ടുന്ന സർക്കാർ ജനങ്ങളെ കൂടുതൽ ദുരിതത്തിൽ ആക്കുവാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുവാനുള്ള നിയമത്തെക്കുറിച്ച് ചിന്തിച്ചത് തന്നെ ജനങ്ങളിൽ നിന്നും സർക്കാർ അകലുന്നു എന്നതിന്റെ തെളിവാണെന്നോ അദ്ദേഹം പ്രസ്താവിച്ചു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് ഡോ. ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ്, കെസിസി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് റവ. എ. ആർ. നോബിൾ, ജനറൽ സെക്രട്ടറി റവ.ഡോ. എൽ. റ്റി. പവിത്ര സിംഗ്, സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ, ഡോ. ജോസഫ് കറുകയിൽ കോർ എപ്പിസ്കോപ്പ, മേജർ ടി.ഇ. സ്റ്റീഫൻസൺ, റവ.ഡോ. എൽ. ജെ. സാംജീസ് എന്നിവർ പ്രസംഗിച്ചു. മലയോരവാസികളുടെ ജീവനു കാട്ടുമൃഗങ്ങള്‍ വന്‍ഭീഷണി ഉയര്‍ത്തുമ്പോള്‍ മന്ത്രി നിസ്സഹായനായി കൈമലര്‍ത്തുകയാണ്. ജനവാസ മേഖലകളിലേക്കു വന്യമൃഗം ഇറങ്ങുന്നില്ലെന്നും കാട്ടിലേക്ക് ആളുകളാണ് കടന്നുകയറുന്നതെന്നുമുള്ള വനം മന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കുന്നു.
ജനവാസ മേഖലയിലെ വന്യജീവി ആക്രമണം തടയുന്നതിന് വനം വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ട് പോലും ആവശ്യപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാത്ത വനംവകുപ്പ് മേധാവിയുടെ സമീപനം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൻറെ നിലപാട് വ്യക്തമാക്കുന്നു. 1972ലെ വനം വന്യജീവി സംരക്ഷണ നിയമത്തിൽ മനുഷ്യർക്ക് ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലുവാൻ വകുപ്പുണ്ടെന്നു പറയുന്നവർ എന്തുകൊണ്ട് ആ വകുപ്പ് ഉപയോഗിക്കുവാൻ തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണം.
വനംമന്ത്രി 2024 ഫെബ്രുവരിയിൽ നിയമസഭയിൽ വച്ച കണക്കനുസരിച്ച് ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ 2023 വരെയുള്ള എട്ടു വർഷത്തിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 909 പേർ ദാരുണമായി കൊല്ലപ്പെട്ടു. 55839 ആക്രമണങ്ങൾ ഉണ്ടായി. 7492 പേർക്ക് പരിക്കേറ്റു. നഷ്ടപ്പെട്ട വീടുകളുടെയും കന്നുകാലികളുടെയും മറ്റ് സ്വത്തിന്റെയും കണക്ക് വലുതാണ്.
ഇപ്പോൾ വന്യജീവി ആക്രമണം ദിവസേന നടക്കുന്നു. വനത്തിന് സമീപം മാത്രമല്ല എം.സി. റോഡിൻറെ വശങ്ങളിലുള്ള സ്ഥലങ്ങളിലും വന്യജീവികൾ മനുഷ്യൻറെ സ്വൈര്യജീവിതം നശിപ്പിക്കുന്നു എന്നത് ഈ വിപത്തിന്റെ വ്യാപനം എത്രമാത്രമാണ് എന്ന് വ്യക്തമാക്കുന്നു. വനത്തിന് ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അധികം വന്യജീവികൾ ഉണ്ടെങ്കിൽ അതിനെ നിയന്ത്രിക്കുവാൻ പരിഷ്കൃത രാജ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ ഭരണാധികാരികൾ തയ്യാറാകണം.
തങ്ങളുടെ ജീവിതം അപകടത്തിൽ ആക്കുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് കഴിഞ്ഞ ദിനം കൊല്ലപ്പെട്ട സോഫിയ ഒരു വർഷം മുമ്പ് പറഞ്ഞ വാക്കുകൾ അധികാരികളുടെ നിഷ്ക്രിയതയ്ക്കെതിരെയുള്ള വിരൽ ചൂണ്ടൽ ആയി ഇന്നും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. കൊല്ലപ്പെടുന്നവരുടെ ഭവനങ്ങൾ സന്ദർശിച്ച് മുതലക്കണ്ണീർ ഒഴുക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭ ഒന്നായി അതിൽ ഇടപെടണം. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണാധികാരികൾ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നത് അല്പത്തരം ആണ്.
മനുഷ്യജീവൻ നിരന്തരം കടിച്ചുകീറപ്പെടുമ്പോൾ നോക്കിനിൽക്കുവാൻ മനസ്സാക്ഷിയുള്ളവർക്ക് ആകില്ല. പ്രശ്നം പരിഹരിക്കുവാൻ നിസ്സഹായത പറയുന്നവർ സ്വയം രാജിവെച്ച് മാതൃക കാണിക്കണമെന്ന് ആവശ്യപ്പെട്ടു.നിയമമനുസരിച്ച് ജീവിക്കുന്ന മനുഷ്യൻറെ ജീവനും സ്വത്തിനും അപകടകരമാകുന്ന എന്തിനെയും തടയുവാൻ സർക്കാർ തയ്യാറാകണമെന്നും കെ സി സി ആവശ്യപ്പെട്ടു.