ടെൽ അവീവ്: ഒൻപത് മാസം മാത്രം പ്രായമുളള പിഞ്ച് കുഞ്ഞ് ഉൾപെപ്പെടെ നാലു ഇസ്രയേലികളുടെ മൃതദേഹം ഹമാസ് കൈമാറി .ഹമാസിന്റെ തടവിൽ മരിച്ചവരാണ് ഇവർ. തെക്കൻ ഇസ്രായേലിലെ കിബ്ബറ്റ്സ് നിർ ഓസിലെ വീട്ടിൽ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ഷിരി ബിബാസ് (32 ), മക്കളായ ഏരിയൽ (4), 9 മാസം പ്രായമുള്ള ഖിഫിർ എന്നിവരുടെ മൃതദേഹങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നാലാമത്തെ മൃതദേഹം 83കാരനായ ഓഡെഡ് ലിഫ്ഷിറ്റ്സിന്റേതാണെന്ന് പറയപ്പെടുന്നു.
2023 നവംബറിൽ ബിബാസിന്റെ മക്കളും അവരുടെ അമ്മയും ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഹമാസ് ആരോപിച്ചിരുന്നു. എന്നാൽ ഒരു തെളിവും ഹാജരാക്കിയില്ല. അവരുടെ മരണം ഇസ്രായേലും സ്ഥിരീകരിച്ചിട്ടില്ല. പിതാവ് യാർഡൻ ബിബാസിനെ 484 ദിവസത്തെ തടവിനുശേഷം ഈ മാസം ആദ്യം ഹമാസ് മോചിപ്പിച്ചിരുന്നു. ആദ്യമായാണ് മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നത്.
2023 ഒക്ടോബർ 7നാണ് ഹമാസ്, ഇസ്രായേലിൽ നിന്ന് നിരവധിപ്പേരെ ബന്ദികളാക്കുന്നത്. മൃതദേഹങ്ങൾ ആദ്യം റെഡ് ക്രോസിന് കൈമാറി. തുടർന്ന് ഇസ്രായേൽ സൈന്യത്തിന് കൈമാറി. മൃതദേഹങ്ങളെ വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹത്തെ പ്രതീക്ഷിച്ച് നിരവധി ആളുകളാണ് റോഡിൽ കാത്തുനിന്നത്. മൃതദേഹങ്ങൾ ടെൽ അവീവിലെ അബു കബീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് ഫോറൻസിക് പരിശോധനയ്ക്കായി കൊണ്ടുപോയി.