ചങ്ങനാശേരി: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.വി റസലിന്റെ (63) വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടി ജില്ലാ സമ്മേളനം സഖാവിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത് അടുത്തിടെയാണ്. സൗമ്യനായ സംഘാടകനും പ്രക്ഷോഭകാരിയുമായ റസലിന്റെ വിയോഗം കോട്ടയത്തെ പാര്‍ട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണ്.
കോട്ടയം ജില്ലയില്‍ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താനുള്ള നിതാന്ത ശ്രമത്തിനിടയിലാണ് റസലിന്റെ ആകസ്മിക വിയോഗം. യുവജന രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. പ്രക്ഷോഭസമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു. പല തവണ പോലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശമിക്കുന്ന എല്ലാ മത വര്‍ഗ്ഗീയ ശക്തികളോടും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടത്തിന്റെ മുന്‍നിരയിലായിരുന്നു റസല്‍. തൊഴിലാളി രംഗത്തെ റസലിന്റെ പ്രവര്‍ത്തനം തികച്ചും അനുകരണീയമായ മാതൃകയാണ്.
അര്‍ബന്‍ ബാങ്കിന്റെ പ്രസിഡന്റ് എന്ന നിലയില്‍ മികച്ച സഹകാരിയായി അംഗീകാരം നേടി. ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച കാലത്ത് ജനങ്ങളുടെ ആവശ്യങ്ങളും ആകുലതകളും കണ്ടറിഞ്ഞ് ഇടപെടുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തി. ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തികരിച്ച് സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഈ അപ്രതീക്ഷിത വിയോഗം. അസുഖ ബാധിതനെങ്കിലും ഉടന്‍ തിരിച്ച് വരാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു റസല്‍ പ്രിയപ്പെട്ടവരോട് പങ്ക് വെച്ചിരുന്നത്.
കാന്സര്ബാധിച്ച് ചെന്നൈയില്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് റസലിന്റെ അന്ത്യം.ഡി.വൈ.എഫ്. ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.
കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന് നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സെക്രട്ടറിയുടെ ചുമതലയും വഹിച്ചു. 1981 മുതല്‍ സി.പി.എം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിലുമുണ്ട്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.
റസലിന്റെ മൃതദേഹം നാളെ രാവിലെ 9 മണിക്ക് നെടുമ്പാശ്ശേരിയില്‍ എത്തിക്കും.ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം. മൂന്നുമണി മുതല്‍ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് അഞ്ചരയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടില്‍ അഡ്വ. എ.കെ വാസപ്പന്റെയും പി ശ്യാമയുടെയും മകനാണ്. ഭാര്യ: ബിന്ദു. മകള്‍ ചാരുലത എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ്. മരുമകന് അലന് ദേവ് ഹൈക്കോടതി അഭിഭാഷകന്.