യുഎസിലെ മിസോറിയില്‍ 7 കോടിവര്‍ഷം പഴക്കമുള്ള ഒരു ദിനോസറിന്റെ ഭ്രൂണം കണ്ടെത്തി. ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ട ഭ്രൂണങ്ങളിലൊന്നായിരുന്നു ഇതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ദിനോസറുകളുടെ ചരിത്രത്തെക്കുറിച്ചും ആധുനിക പക്ഷിവര്‍ഗങ്ങളായുള്ള അവയുടെ പരിണാമവളര്‍ച്ചയെപ്പറ്റിയും പഠിക്കാന്‍ ഈ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു.
മിസോറിയില്‍ നിന്ന് ഇതിനുമുമ്പ് ഇത്തരത്തില്‍ ദിനോസറുകളുടെ ഭ്രൂണം കണ്ടെത്തിയിട്ടില്ല. ഇതും പുതിയ കണ്ടെത്തലിന് പ്രാധാന്യം നല്‍കുന്നു. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശം തീരപ്രദേശത്തിന്റെ ഭാഗമായിരുന്നിരിക്കാമെന്നും ഇതാകാം ദിനോസറുകളുടെ മുട്ട ഇത്രകാലം സുരക്ഷിതമായി സംരക്ഷിക്കപ്പെടാന്‍ കാരണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഭൂമിയുടെ അവശിഷ്ടപാളികള്‍ക്കിടയില്‍ നിന്നുമാണ് ഭ്രൂണം കണ്ടെത്തിയത്. ഇവ കേടുകൂടാതിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവയുടെ ഘടനയെപ്പറ്റിയും മുട്ട വിരിയുന്നതിനുള്ള സാധ്യതകളെക്കുറിച്ചും പഠിക്കാന്‍ പാലിയന്റോളജിസ്റ്റുകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മുട്ടയ്ക്കുള്ളിലെ ഭ്രൂണം ചുരുണ്ടുകൂടിയിരിക്കുന്ന അവസ്ഥയിലാണ്. ആധുനിക പക്ഷികളുടെ ഭ്രൂണം വിരിയുന്നതിന് മുമ്പ് മുട്ടകളില്‍ കാണപ്പെടുന്ന ‘ടക്കിംഗ്’ എന്ന അവസ്ഥയ്ക്ക് സമാനമാണിത്. ഇത് ദിനോസറുകളും പക്ഷികളും തമ്മിലുള്ള പരിണാമബന്ധത്തെ അടയാളപ്പെടുത്തുന്ന തെളിവാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ ഇത്രയും കാലമായിട്ടും മുട്ട എന്തുകൊണ്ട് വിരിഞ്ഞില്ലെന്നതിന്റെ കാരണം തേടുകയാണ് ഗവേഷകര്‍ ഇപ്പോള്‍. പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങള്‍, വേട്ടയാടല്‍ എന്നിവ കാരണമാകാം മുട്ട വിരിയാതിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പുതിയ കണ്ടെത്തല്‍ ദിനോസറുകളുടെ പ്രത്യുല്‍പ്പാദനം, ഭ്രൂണവളര്‍ച്ച എന്നിവയെപ്പറ്റിയുള്ള ഗവേഷണത്തിന് പുതിയ വഴികള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫോസിലൈസ് ചെയ്യപ്പെട്ട ഭ്രൂണം വളരെ അപൂര്‍വ്വമായാണ് കണ്ടെത്തപ്പെടുന്നത്. ഈ കണ്ടെത്തല്‍ ചരിത്രാതീത കാലത്തെ ജീവിവര്‍ഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ദിനോസറുകളുടെ പ്രത്യുല്‍പ്പാദനം, വളര്‍ച്ച എന്നിവയെപ്പറ്റി പഠിക്കാന്‍ ഫോസിലൈസ് ചെയ്യപ്പെട്ട ഈ ഭ്രൂണം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
2021ലാണ് ഇത്തരത്തില്‍ ഫോസിലൈസ് ചെയ്യപ്പെട്ട ദിനോസറിന്റെ ഭ്രൂണം ഗവേഷകര്‍ കണ്ടെത്തിയത്. ആറ് കോടി അറുപത് ലക്ഷം പഴക്കമുള്ള ഭ്രൂണമായിരുന്നു ഇത്. തെക്കന്‍ ചൈനയിലെ ഗാന്‍ഷൗവില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ‘യിംഗ്ലിയാങ് ബിബെയ്(ബേബി യിംഗ്ലിയാങ്) എന്നാണ് ഈ ഭ്രൂണത്തിന് ഗവേഷകര്‍ നല്‍കിയ പേര്. 27 സെന്റീമീറ്റര്‍ നീളമുള്ള ഭ്രൂണം 17 സെന്റിമീറ്റര്‍ നീളമുള്ള മുട്ടയ്ക്കുള്ളില്‍ ചുരുണ്ടുകിടക്കുന്ന അവസ്ഥയിലായിരുന്നു. ആധുനിക പക്ഷികളുമായി അടുത്ത സാമ്യമുള്ള ഒരുതരം തൂവലുകളുള്ള തെറോപോഡ് ആണ് യിംഗ്ലിയാങ് എന്ന് ഗവേഷകര്‍ കണ്ടെത്തി. മുട്ടയ്ക്കുള്ളിലെ ഭ്രൂണത്തിന്റെ കിടപ്പാണ് ഗവേഷകരെ ഏറെ ആകര്‍ഷിച്ചത്. ആധുനിക പക്ഷികളുടെ ഭ്രൂണങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. യുകെ, ചൈന, കാനഡ എന്നിവിടങ്ങളിലെ ഗവേഷകരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.