വാഷിംഗ്ടണ്‍: 145 വര്‍ഷത്തെ പഴക്കവും നിരവധി മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്നതുമായ മേശ വൈറ്റ് ഹൗസില്‍ നിന്നും പുറത്തായി. ഈ മേശ നീക്കം ചെയ്തതിനു കാരണമായി പല കഥകളാണ് പുറത്തുവരുന്നത്. ടെസ്ല മേധാവിയും വൈറ്റ് ഹൗസ് ഉപദേശകനുമായ ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് തുടയ്ക്കുന്നത് കണ്ടതിനു ദിവസങ്ങള്‍ക്കു ശേഷമാണ് ഓവല്‍ ഓഫിസിലെ റെസല്യൂട്ട് ഡെസ്‌ക് ട്രംപ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചതെന്നാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇലോണ്‍ മസ്‌കിന്റെ മകന്‍ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപിനൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മസ്‌ക്കിന്റെ ഇളയ മകന്‍ മൂക്കില്‍ വിരല്‍ വയ്ക്കുന്നതും തുടയ്ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിനു ശേഷമാണ് മേശ മാറ്റിയതെന്നാണ് രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നത്.
145 വര്‍ഷം പഴക്കമുള്ള റെസല്യൂട്ട് ഡെസ്‌ക്ക് 1880ല്‍ വിക്ടോറിയ രാജ്ഞി പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി.ഹെയ്സിന് സമ്മാനിച്ചതാണ്. ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ്.കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരുള്‍പ്പെടെയുള്ള യുഎസ് പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസില്‍ ഉപയോഗിച്ചിട്ടുണ്ട്.