ഫോർട്ട്കൊച്ചി:കൊച്ചി കാണാനെത്തിയ യുഎസ് വനിത അർലിൻ സ്വയറിന് (72) റോഡിലെ കുഴിയിൽ തട്ടി വീണു പരുക്കേറ്റു. കമാലക്കടവ് റോ– റോ ജെട്ടിക്ക് സമീപം കോൺക്രീറ്റ് കട്ട വിരിച്ച റോഡിൽ പൈപ്പ് ഇടുന്നതിനായി കുറുകെ വെട്ടിയ കുഴിയിലെ കല്ലിൽ തട്ടി റോഡിലേക്ക് മുഖമടിച്ച് വീഴുകയായിരുന്നു.
നെറ്റിയിലും മുഖത്തും മുറിവേറ്റ ഇവരെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഓട്ടോയിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുറിവ് ഗുരുതരമല്ലെന്നും എക്സ്റേ എടുത്ത ശേഷം പ്രാഥമിക ശുശ്രൂഷ നൽകിതായും ആശുപത്രി സൂപ്രണ്ട് ഡോ. കെ.പ്രസന്നകുമാരി പറഞ്ഞു.
ഇവിടെ റോഡ് വെട്ടിപ്പൊളിച്ചിട്ട് 6 മാസത്തോളമായെന്ന് നാട്ടുകാർ പറഞ്ഞു. ഇരുചക്ര വാഹന യാത്രികരും കാൽനട യാത്രികരും വീഴുന്നത് പതിവായതോടെ ഓട്ടോ ഡ്രൈവർമാർ മണ്ണിട്ട് കുഴി മൂടി. കട്ട വിരിക്കാൻ നടപടി ഉണ്ടായില്ലെന്ന് ഓട്ടോ ഡ്രൈവർ എസ്. സാനു പറഞ്ഞു. നടപ്പാതയോടു ചേർന്ന് ഇളകി കിടക്കുന്ന കോൺക്രീറ്റ് കട്ടകളിൽ തട്ടി ആളുകൾ വീഴുന്നതും പതിവാണ്. ഫോർട്ട്കൊച്ചി കൽവത്തി ജെട്ടിയിൽ ബോട്ട് കയറാൻ എത്തിയ നെതർലൻഡ്സ് സ്വദേശി കാനയിൽ വീണ് കാൽ ഒടിഞ്ഞത് ഏതാനും മാസങ്ങൾ മുൻപാണ്.