കൊച്ചി: സിനിമാ സമരത്തിന് ആഹ്വാനം ചെയ്ത നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം തള്ളി അഭിനേതാക്കളുടെ സംഘടനയായ അമ്മ. അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യം അമ്മ തള്ളി. അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും താരസംഘടന വ്യക്തമാക്കി.
മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, സരയൂ, അനന്യ എന്നിവര്‍ അമ്മ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. പ്രതിഫലം തവണകളായി നല്‍കുന്നത് സംബന്ധിച്ച് ചില നിബന്ധനകള്‍ നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ച നടത്താം എന്നും അമ്മ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
നിര്‍മാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. അമ്മ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികളിലേക്കും സംഘടന കടന്നേക്കും. അതേസമയം നിര്‍മാതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തിയേക്കില്ല. സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നിര്‍ണായകയോഗവും ഇന്ന് കൊച്ചിയില്‍ ചേരും.
സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം. ഫിലിം ചേംബറിന്റെ പിന്തുണ ലഭിച്ചാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. നേരത്തെ സമരത്തിന് പിന്തുണ തേടി നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം ചേംബറിന് കത്ത് നല്‍കിയിരുന്നു. അതിനിടെ സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്സ് യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്.
ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണം എന്നാണ് സംവിധായകര്‍ പറയുന്നത്. ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം നടത്തും എന്നാണ് നിര്‍മാതാക്കളുടെ സംഘടന പറയുന്നത്. നിര്‍മാതാവ് ജി സുരേഷ് കുമാറാണ് ഇത് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ സമരമടക്കം സുരേഷ് കുമാര്‍ പറഞ്ഞ എല്ലാ കാര്യങ്ങളും തള്ളിക്കൊണ്ട് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. സമരത്തിനോട് യോജിപ്പില്ല എന്നും സമരം പ്രഖ്യാപിച്ചത് ഏകപക്ഷീയമാണ് എന്നും പറഞ്ഞ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തുകയായിരുന്നു.
ആന്റണിയെ പിന്തുണച്ച് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ അടക്കമുള്ള താരങ്ങളും എത്തിയതോടെ തര്‍ക്കം രൂക്ഷമായി. സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താസമ്മേളനം നടത്തുകയും ആന്റണി പെരുമ്പാവൂരിനേയും ഒപ്പം കൂട്ടി സമരവുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.