Saturday, April 5, 2025

HomeCanadaമസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയന്‍ പൗരന്‍മാരുടെ ഹര്‍ജി

മസ്‌കിന്റെ കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയന്‍ പൗരന്‍മാരുടെ ഹര്‍ജി

spot_img
spot_img

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ (Elon Musk) കനേഡിയന്‍ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നരലക്ഷം കനേഡിയന്‍ പൗരന്‍മാര്‍ ഒപ്പിട്ട ഹര്‍ജി കാനഡ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള (Donald Trump) മസ്‌കിന്റെ അടുത്തബന്ധമാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യത്തിലേക്ക് നയിച്ചത്.

ബ്രിട്ടീഷ് കൊളംബിയ എഴുത്തുകാരിയായ ക്വാലിയ റീഡ് ആണ് ഹര്‍ജി കാനഡയിലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമാണ് മസ്‌ക് എന്നും ഇത് കാനഡയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കാനഡയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ വിവാദപരാമര്‍ശങ്ങള്‍ നടത്തിയയാളാണ് ട്രംപ് എന്നും ഹര്‍ജിയില്‍ പറയുന്നു.

ന്യൂ ഡെമോക്രാറ്റ് എംപിയും മസ്‌കിന്റെ കടുത്തവിമര്‍ശകനുമായ ചാര്‍ളി ആംഗസിന്റെ നേതൃത്വത്തിലാണ് ഹര്‍ജി തയ്യാറാക്കിയത്. മസ്‌കിന്റെ കനേഡിയന്‍ പാസ്‌പോര്‍ട്ടും പൗരത്വവും റദ്ദാക്കണമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

ട്രംപിന്റെ നയങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ച മസ്‌ക് യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) മേധാവി കൂടിയാണ്. ചെലവ്ചുരുക്കലിന്റെ ഭാഗമായി യുഎസിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന നടപടിയേയും മസ്‌ക് പിന്തുണയ്ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കനേഡിയന്‍ പൗരന്‍മാര്‍ രംഗത്തെത്തിയത്.

മസ്‌കിന് എതിരെയുള്ള ആരോപണങ്ങള്‍

ദക്ഷിണാഫ്രിക്കയിലാണ് ഇലോണ്‍ മസ്‌ക് ജനിച്ചത്. കനേഡിയന്‍ സ്വദേശിയായ മസ്‌കിന്റെ അമ്മ വഴിയാണ് ഇദ്ദേഹത്തിന് കനേഡിയന്‍ പൗരത്വം ലഭിച്ചത്. എന്നാല്‍ ട്രംപിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുകൊണ്ട് കാനഡയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി മസ്‌ക് പ്രവര്‍ത്തിക്കുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. ഒപ്പം കാനഡയുടെ പരമാധികാരത്തെ തകര്‍ക്കാന്‍ മസ്‌ക് ട്രംപിനൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കാനഡയെ യുഎസിന്റെ 51-ാം സംസ്ഥാനമാക്കി മാറ്റണമെന്ന് ആവശ്യമുയര്‍ത്തുന്നയാളാണ് ഡൊണാള്‍ഡ് ട്രംപെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ട്രംപിന്റെ ഈ പ്രസ്താവനകളില്‍ കാനഡയില്‍ പൗരന്‍മാര്‍ക്കിടയില്‍ പ്രതിഷേധമുയരുകയും ചെയ്തു.

ഇതിനെല്ലാം പുറമെ കനേഡിയന്‍ രാഷ്ട്രീയത്തിലെ മസ്‌കിന്റെ ഇടപെടലും പ്രതിഷേധമുയര്‍ത്തുന്നു. കാനഡയിലെ ചില വിഷയങ്ങളെപ്പറ്റി ഈയടുത്ത് മസ്‌ക് എക്‌സില്‍ കുറിച്ച പോസ്റ്റും വിവാദമായി. കാനഡയിലെ കണ്‍സര്‍വേറ്റീവ് നേതാവായ പിയറി പൊയിലിവ്രെയെ പുകഴ്ത്തിയ അദ്ദേഹം ജസ്റ്റിന്‍ ട്രൂഡോയെ പരിഹസിക്കുകയും ചെയ്തു. കാനഡയിലെ വലതുപക്ഷ രാഷ്ട്രീയ നേതാക്കളെ പരസ്യമായ അംഗീകരിക്കുന്ന മസ്‌കിന്റെ നിലപാടും പ്രതിഷേധത്തിനിടയാക്കി.

ഹര്‍ജിയുടെ ഭാവി

കാനഡയിലെ നിയമപ്രകാരം ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന ഹര്‍ജികള്‍ക്ക് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ലഭിക്കാന്‍ 500ഓ അതിലധികമോ ആളുകളുടെ ഒപ്പ് വേണം. ക്വാലിയ റീഡ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 157,000ലധികം പേര്‍ ഒപ്പിട്ടുണ്ട്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികരണം ലഭിക്കാന്‍ പ്രയാസമില്ല.

പൗരന്‍മാര്‍ തങ്ങളുടെ പൊതു ആശങ്കകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയായാണ് പാര്‍ലമെന്റ് പെറ്റീഷനെ കാണുന്നത്. ഇവയില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നത് നിയമപരമായി നിര്‍ബന്ധമല്ല. എന്നാല്‍ ഇപ്പോള്‍ സമര്‍പ്പിച്ച ഹര്‍ജിയ്ക്ക് ലഭിക്കുന്ന പിന്തുണ കനേഡിയന്‍ രാഷ്ട്രീയത്തിലെ മസ്‌കിന്റെ സ്വാധീനത്തിനെതിരായ വര്‍ധിച്ചുവരുന്ന പൊതുവികാരത്തെ സൂചിപ്പിക്കുന്നു. ജൂണ്‍ 20 വരെ ഹര്‍ജിയില്‍ ഒപ്പിടാന്‍ ജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും.

ഇലോണ്‍ മസ്‌കിന്റെ പ്രതികരണം

കനേഡിയന്‍ പൗരന്‍മാരുടെ ഹര്‍ജിയില്‍ മസ്‌ക് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. യുഎസിലേയും കാനഡയിലേയും രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടുന്നത് അദ്ദേഹം തുടരുകയാണ്.

അടുത്തിടെ മേരിലാന്‍ഡില്‍ നടന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു. ഈയടുത്ത് എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ യുഎസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയെ (DOGE) താന്‍ പിന്തുണയ്ക്കുന്നുവെന്നും ഡോജിനെ പിന്തുണയ്ക്കാത്തവര്‍ അമേരിക്കന്‍ പൗരന്‍മാരല്ലെന്നും മസ്‌ക് പറഞ്ഞിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments