കൊല്‍ക്കത്ത: ദേശീയപാതയില്‍ ചേസിങ്ങിനിടെ കാറുകള്‍ കൂട്ടിയിടിച്ച് ഇവന്റ് മാനേജറും നര്‍ത്തകിയുമായ 27കാരിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ ചന്ദര്‍നഗര്‍ സ്വദേസി സുതന്ദ്ര ചാറ്റര്‍ജിയാണ് മരിച്ചത്. കൂടെ സഞ്ചരിച്ച ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
പനാഗഢിനടുത്ത് തിങ്കളാഴ്ച അര്‍ധരാത്രി 12.30 ഓടെയാണ് അപകടം. മറ്റു വാഹനത്തിലെ പൂവാലന്മാരുടെ ശല്യമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ചാറ്റര്‍ജി കൂടെ സഞ്ചരിച്ചവര്‍ പറഞ്ഞു. മറ്റു രണ്ടു വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ സുതന്ദ്ര ചാറ്റര്‍ജിയുടെ കാറിനെ അഞ്ച് പേരടങ്ങുന്ന ഒരു വെളുത്ത കാര്‍ പിന്തുടരാന് തുടങ്ങി. അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയും വാഹനം ഇടിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കാര്മറിഞ്ഞതെന്ന് കൂടെയുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍, അസന്‍സോള്‍-ദുര്‍ഗാപൂര്‍ പൊലീസ് കമീഷണര്‍ സുനില്‍ കുമാര്‍ ചൗധരി ഈ വാദത്തെ എതിര്‍ത്തു. കാര്‍ പിന്തുടരല് ഉണ്ടായിട്ടില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത് ചാറ്റര്‍ജിയുടെ കാര്‍ മറ്റേ വാഹനത്തെ പിന്തുടരുന്നതാണെന്നും അദ്ദേഹം പറയുന്നു.
ചാറ്റര്‍ജിയുടെ കാറിനെ മറ്റേ വാഹനം മറികടന്ന് പനാഗഡ് റൈസ് മില്ലിലേക്ക് നീങ്ങിയപ്പോള്‍ ചാറ്റര്‍ജിയുടെ കാര്‍ അവരെ പിന്തുടരുന്നത് തുടരുകയും ഒടുവില്‍ മറിയുകയും ചെയ്തുവെന്ന് ചൗധരി കൂട്ടിച്ചേര്‍ത്തു.