എമ്പുരാന്റെ റിലീസ് ദിനമായ മാർച്ച് 27ന് സൂചനാ പണിമുടക്കിന് നീക്കവുമായി ഫിലിം ചേംബർ. പുതിയ റിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് ഫിലിം ചേംബർ. സിനിമാ സംഘടനകൾക്ക് ഫിലിം ചേംബർ കത്ത് നൽകി. എമ്പുരാനെ പൂട്ടാനായാണ് റിലീസ് ദിനത്തിൽ തന്നെ ഫിലിം ചേംബർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.
സർക്കാർ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ പ്രഖ്യാപിച്ച സമരത്തോട് ഫിലിം ചേംബർ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിനിമയിൽ ഒരു താരവും അവിഭാജ്യഘടകമല്ലെന്നും കേരള ഫിലിം ചേംബർ വ്യക്തമാക്കി.അതിനിടെ സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നല്‍കിയിരുന്നു ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് നോട്ടിസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏഴുദിവസത്തിനം എഫ് ബി പോസ്റ്റ് പിൻവലിച്ച് നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും നോട്ടിസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ‘എമ്പുരാൻ’. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ ഏറെയാണ്. വിദേശ രാജ്യങ്ങളിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങൾ ഉൾപ്പടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാം സിനിമയിലുണ്ടാകുമെന്നാണ് സൂചന. 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘എമ്പുരാൻ’ എത്തും. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്.