ഒട്ടാവ: അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. കാനഡയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയാല്‍ അതിന് കടുത്ത മറുപടി നല്‍കുമെന്ന് ട്രൂഡോ മുന്നറിയിപ്പ് നല്കി.
‘അധിക തീരുവ ചുമത്തുന്നത് ഒഴിവാക്കാന്‍ വേണ്ട എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കും. എന്നാല്‍ കാനഡയ്ക്കെതിരെ അന്യായമായി തീരുവ ചുമത്തിയാല്‍ അതിന് ഉടനടി കനത്ത തിരിച്ചടി നല്‍കും’ട്രൂഡോ പറഞ്ഞു. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ മാര്‍ച്ച് നാലിനു നിലവില്‍ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ട്രൂഡോയുടെ മറുപടി.
യുഎസിലേക്കുള്ള ലഹരിക്കടത്ത് അനിയന്ത്രിതമായി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപ് അധിക തീരുവ ചുമത്താന്‍ നീങ്ങുന്നത്. എന്നാല്‍ ഇതേ വിഷയം കാനഡയും നേരിടുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.
”യുഎസിലേക്ക് അനധികൃതമായും അല്ലാതെയും ഇറക്കുമതി ചെയ്യുന്ന ഫെന്റനൈലിന്റെ ഒരു ശതമാനം മാത്രമാണ് കാനഡയില്‍ നിന്നുള്ളത്. അതുപോലും കുറയ്ക്കണമെന്ന് അറിയാം. അതുകൊണ്ടാണു ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് അതിര്‍ത്തി സുരക്ഷ ശക്തമാക്കിയത്. പട്രോളിങ്ങിനായി 10,000 പേരെ വിന്യസിച്ചു. ഇതിനായി കാനഡ 1.3 ബില്യന്‍ ഡോളറാണു നിക്ഷേപിച്ചത്. യുഎസ് നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി കാനഡയല്ല” ട്രൂഡോ വ്യക്തമാക്കി.