തിരുവനന്തപുരം : എരിപൊരി വെയിലിലും അപ്രതീക്ഷിതമായി എത്തിയ മഴയിലും തളരാതെ ആശാവർക്കർമാരുടെ രാപകൽ സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുന്നു. വിവിധ സ്ഥലങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെയും സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും വിവിധ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ ആശാവർക്കർമാർ സമരവേദിയിലേക്ക് എത്തിച്ചേരുകയാണെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
മുടങ്ങിക്കിടന്ന ഓണറേറിയവും ഇൻസെന്റീവും വളരെ വേഗം നേടിത്തന്ന സമര പോരാളികളെ കാണാൻ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ നിന്ന് ആശാവർക്കർ ചെല്ലമ്മ എത്തിയത് 19-ാം ദിവസത്തെ ഹൃദ്യമായ അനുഭവമായി
സാഹിത്യകാരൻ എം എൻ കാരശ്ശേരി സമരത്തെ പിന്തുണച്ചും പരിഹാരം കാണാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടും വീഡിയോ സന്ദേശം നൽകി. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, എഐയുടിയുസി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് അനവരദൻ, ഐക്യ മഹിളാസംഘം അഖിലേന്ത്യാ നേതാവ് കെ.സിസിലി, എ ഐ ഡി വൈ ഒ സംസ്ഥാന പ്രസിഡൻ്റ് ഇ.വി പ്രകാശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സംസ്ഥാന ജനറൽ സെക്രട്ടറി സ്നേഹ, മുൻ മന്ത്രി ബാബു ദിവാകരൻ, മാധ്യമ പ്രവർത്തകൻ ഷാജൻ സ്കറിയ, യു എൻ എ ജില്ലാ സെക്രട്ടറി അച്ചു ജെ എസ്, തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഡിനേറ്റർ ആതിര മേനോൻ, മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ ജോൺ ജോസഫ്, കെ പി സി സി നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ് അടൂർ, ഡിഡിസി മെമ്പർ കരകുളം ശശി തുടങ്ങിയവർ എത്തി.