ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥിൽ വൻ ഹിമപാതത്തിൽ 57 നിർമാണ തൊഴിലാളികൾ കുടുങ്ങി. ഇതിൽ 33 പേരെ രക്ഷിച്ച് സമീപത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. മറ്റുള്ളവരെ രക്ഷിക്കാൻ ഇന്തോ-തിബത്ത് ബോർഡർ പൊലീസ്, സൈന്യം എന്നിവയുടെ നേതൃത്വത്തിൽ ശ്രമം തുടരുന്നു. ബദരിനാഥ് ചമോലി ജില്ലയിലെ മാനാ ഗ്രാമത്തിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന് (ബി.ആർ.ഒ) ക്യാമ്പിലാണ് സംഭവം. ബി.ആർ.ഒയുടെ തൊഴിലാളികളാണ് കുടുങ്ങിയത്.
തലസ്ഥാനമായ ഡെറാഡൂണിൽനിന്ന് 300 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. മഞ്ഞുവീഴ്ചയും മഴയും കാരണം ഇവിടേക്ക് എത്താൻ പ്രയാസമാണ്. ഹിമപാതത്തെ തുടർന്ന് പ്രദേശത്തെ റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യ -തിബത്ത് അതിർത്തിയിൽ സൈന്യം സഞ്ചരിക്കുന്ന വഴിയിൽ പതിവുപോലെ മഞ്ഞു നീക്കുകയായിരുന്നു തൊഴിലാളികൾ.
വ്യാഴാഴ്ച വൈകീട്ട് അഞ്ചു മുതൽ 24 മണിക്കൂർ ഹിമപാത സാധ്യതയുണ്ടെന്ന് ഡിഫൻസ് ജിയോ ഇൻഫർമാറ്റിക്സ് റിസർച് എസ്റ്റാബ്ലിഷ്മെന്റും പൊലീസും മുന്നറിയിപ്പ് നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി അറിയിച്ചു. ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.