വാഷിംഗ്ടണ്‍: ജീവനക്കാര്‍ക്കു നേരെ നടത്തിയ കൂട്ടപ്പിരിച്ചുവിടലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. പ്രതിരോധ വകുപ്പിലെയും മറ്റു ഫെഡറല്‍ ഏജന്‍സികളിലെയും ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടി താല്‍ക്കാലികമായി തടഞ്ഞ് കലിഫോര്‍ണിയ ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. പ്രതിരോധ വകുപ്പു ജീവനക്കാരെ പിരിച്ചുവിടാന്‍ പഴ്സനേല്‍ മാനേജ്മെന്റ് ഓഫിസിന് അധികാരമില്ലെന്നാണു കോടതിയുടെ നിരീക്ഷണം. ഒരു വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരും ഇതില്‍ ഉള്‍പ്പെടും.
ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ഡിപ്പാര്‍ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സിയുടെ ശുപാര്‍ശ പ്രകാരമാണു വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ചെലവു കുറയ്ക്കാനായി തസ്തികകള്‍ വെട്ടിക്കുറച്ചും കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയും ജീവനക്കാരെ പ്രതിരോധത്തിലാക്കിയത്. ഇതിനോടകം 5400 പ്രൊബോഷണറി ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.