ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകരുന്ന എഞ്ചിനാണ് ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്സ്(എഐ) എന്ന് റിലയന്‍സ് ജിയോ ചെയര്മാന് ആകാശ് അംബാനി. ‘‘നമ്മുടെ ജീവിതകാലഘട്ടത്തിലെ ഏറ്റവും വലിയ സാങ്കേതിക മാറ്റമാണ് എഐ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്നിലെ പ്രേരക ശക്തിയായി ഇത് മാറും’’ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന മുംബൈ ടെക് വീക്കില്‍ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘‘എന്റെ കാഴ്ചപ്പാടില്‍ ഇന്ത്യയെ പത്ത് ശതമാനം അല്ലെങ്കില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുന്ന എഞ്ചിനാണ് എഐ,’’ വിവിധ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള എഐയുടെ കഴിവ് ചൂണ്ടിക്കാട്ടി ആകാശ് അംബാനി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍, ഗവേഷണവും വികസനവും, പ്രതിഭാധനരായ ആളുകളുടെ നിക്ഷേപം എന്നിവ എഐ രംഗത്ത് ഇന്ത്യയെ ആഗോള നേതാവായി സ്ഥാപിക്കുന്നതിനുള്ള മൂന്ന് പ്രധാനപ്പെട്ട ഘടകങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു.
‘‘ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് സേവനം നല്കാന് കഴിയുന്ന എഐ അടിസ്ഥാന സൗകര്യങ്ങളിലും ഡാറ്റാ സെന്ററുകളിലും നമ്മള് നമ്മള് നിക്ഷേപം നടത്തുന്നത് തുടരേണ്ടതുണ്. ജിയോയില്‍ ഞങ്ങള്‍ ഇതിനോടകം തന്നെ അത് ചെയ്തുവരുന്നുണ്ട്,’’ ജാംനഗറില്‍ കമ്പനി അടുത്തിടെ സ്ഥാപിച്ച ജിഗാ വാട്ട് ശേഷിയുള്ള എഐ ഡാറ്റാ സെന്ററിനെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഴത്തിലുള്ള ഗവേഷണത്തിന്റെയും വികസനത്തിന്റെയും പ്രധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘‘എഐ രംഗത്ത് ആഴത്തിലുള്ള ഗവേഷണത്തിലും വികസനത്തിലുമുള്ള ഞങ്ങളുടെ നിക്ഷേപം തുടരുകയാണ്,’’ അദ്ദേഹം പറഞ്ഞു. എഐ രംഗത്തെ പുരോഗതിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കൂടാതെ, എഐ രംഗത്ത് മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ആകാശം അംബാനി എടുത്തു പറഞ്ഞു. ‘‘ജിയോയില്‍ 1000ല്‍ പരം ഡാറ്റാ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരുടെ പൂര്‍ണമായും സജ്ജരായ ഒരു ടീമിനെ ഞങ്ങള്‍ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കുകയും വികസനത്തിന്റെ അതിരുകള്‍ ഭേദിക്കുകയുമാണ് നിര്‍ണായകമായത്,’’ അദ്ദേഹം പറഞ്ഞു. 50 കോടി ഉപയോക്താക്കള്‍ക്കായി ഒരു തകര്‍പ്പന്‍ എഐ പ്ലാറ്റ്ഫോമിന് തുടക്കമിടുന്നതില്‍ നിന്ന് ഇന്ത്യ അകലെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യയില്‍ ഇന്ത്യ പിന്നിലാണെന്ന ധാരണയെ അദ്ദേഹം വെല്ലുവിളിച്ചു. ഡിജിറ്റല്‍ മേഖലയിലേക്കുള്ള രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റം അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘ഇന്ത്യ സാങ്കേതികവിദ്യയില്‍ പിന്നിലാണെന്ന് നമ്മള് കരുതുന്ന കാലം കഴിഞ്ഞുപോയി. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ ഉപഭോഗ രാഷ്ട്രമാണ് നമ്മള്. ചൈനയെപ്പോളും നമ്മള് മറികടക്കുകയാണ്,’’ അദ്ദേഹം ചൂണ്ടിക്കാട്ടി.
2015 മുതല്‍ ഇന്ത്യ ഇന്റര്‍നെറ്റ് വേഗതയില്‍ നേടിയ കുതിപ്പ് അദ്ദേഹം ഓര്‍ത്തെടുത്തു. അന്ന് മൊബൈലിലും വീടുകളിലും ഇന്റര്‍നെറ്റ് വേഗത ഒരു എംബി മാത്രമായിരുന്നു. എന്നാല്‍ ഇന്ന് എല്ലാവരും അതിവേഗ ഡാറ്റ ആസ്വദിക്കുകയാണ്, അദ്ദേഹം പറഞ്ഞു. എഐയിലും ഇന്ത്യക്ക് ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.