ന്യൂയോര്‍ക്ക്: അമേരിക്കന്‍ വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇന്റര്‍ ഗവണ്മെന്റ് അഫയേഴ്സ് കോ ഓര്‍ഡിനേറ്ററായി പത്തനംതിട്ട സ്വദേശി ഫിന്‍ലി വറുഗീസിന് നിയമനം ലഭിച്ചു. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇന്റര്‍ ഗവണ്മെന്റ് അഫയേഴ്സിലേക്കുള്ള നിയമനങ്ങള്‍ പ്രസിഡന്റ് ട്രംപ് ആണ് പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയില്‍ പ്രോഗ്രാമിംഗ് & പൊളിറ്റിക്കല്‍ മാനേജരായും റീജിയണല്‍ പൊളിറ്റിക്കല്‍ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഫിന്‍ലി വര്‍ഗീസ്.
വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇന്റര്‍ ഗവണ്മെന്റല് അഫയേഴ്സ് (ഐ.ജി.എ) പ്രസിഡന്റിന്റെ അസിസ്റ്റന്റിനും വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജെയിംസ് ബ്ലെയറിനുമാണ് ഡ്യൂട്ടികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റും ഐ.ജി.എ ഡയറക്ടറുമായ അലക്സ് മേയറാണ് ഓഫീസിന്റെ നിയന്ത്രണം. വൈറ്റ് ഹൗസ് ഓഫീസ് ഓഫ് ഇന്റര്‍ ഗവണ്മെന്റല് അഫയേഴ്സ് എന്നത് സംസ്ഥാന – പ്രാദേശിക സര്‍ക്കാരുകളിലേ ക്കുള്ള വിവിധ അഡ്മിനിസ്ട്രേഷന്റെ പ്രധാന ചുമതലകള്‍ നിര്‍വഹിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും ഭരണപരമായ മുന്‍ഗണനകളും പരസ്പര ഏകോപനവും മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ഫ്ലോറിഡ സൗത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഫിന്‍ലി, റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റിയുടെ നോര്‍ത്ത് കരോളിന, ജോര്‍ജിയ തുടങ്ങിയ സ്റ്റേറ്റുകളുടെ ഫീല്‍ഡ് ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പസഫിക് വെസ്റ്റ് റീജണല്‍ ഡയറക്ടറുടെ കീഴില്‍ പൊളിറ്റിക്കല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്ന ഫിന്‍ലി 2023 മുതല്‍ 2025 ജനുവരി വരെ വാഷിംഗ്ടണ്‍ ഡിസി യില്‍ പ്രോഗ്രാമിംഗ് ആന്റ് പൊളിറ്റിക്കല്‍ മാനേജറായി പ്രവര്‍ത്തിച്ചു വരവെയാണ് പുതിയ നിയമനം തേടിയെത്തിയത്.
ഫ്ളോറിഡ ലേക്ക് ലാന്‍ഡ് ഐ.പി.സി സഭാംഗമാണ്. 2018 ലെ ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററായും 2019 ലെ കോണ്‍ഫറന്‍സിന്റെ സെന്‍ട്രല്‍ ഫ്ലോറിഡ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട ഇലന്തൂര്‍ ചിറക്കടവില്‍ കുടുംബാഗം ചേറ്റുകടവില്‍ വര്‍ഗീസ് സി. വര്‍ഗീസിന്റെയും ജെസിമോള്‍ വര്‍ഗീസിന്റെയും മകനാണ് ഫിന്‍ലി വര്‍ഗീസ്.