ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന പാകിസ്ഥാന് അപ്രതീക്ഷിതമായൊരു ഭാഗ്യക്കുതിപ്പ്. സിന്ധു നദിയില്‍ ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണനിക്ഷേപം കണ്ടെത്തിയിരിക്കുകയാണ്. ഈ കണ്ടെത്തല്‍ രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്ക് വലിയൊരു ഉത്തേജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ നടന്നത്. തുടര്‍ന്ന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ നാഷണല്‍ എന്‍ജിനീയറിംഗ് സര്വീസസ്പാ കിസ്ഥാന്‍, പഞ്ചാബ് ഖനന-ധാതു വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ‘അറ്റോക്ക് പ്ലേസര്‍ ഗോള്‍ഡ് പ്രോജക്ട്’ ആരംഭിച്ചു.
സിന്ധു നദിയില്‍ ഒമ്പത് സ്ഥലങ്ങളില്‍ സ്വര്‍ണ്ണം ഖനനം ചെയ്യുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതായി നാഷണല്‍ എന്‍ജിനീയറിംഗ് സര്‍വീസസ് പാകിസ്ഥാന് മാനേജിംഗ് ഡയറക്ടര്‍ സര്‍ഗം ഇഷാഖ് ഖാന് പറഞ്ഞു. ഇതിലൂടെ ഖനനം ചെയ്യുന്നതിനുള്ള രേഖകളും, ഉപദേശക സേവനങ്ങളും സര്‍ക്കാര്‍ തയ്യാറാക്കും. പാകിസ്ഥാന്റെ ഖനന മേഖലയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വളരെ പ്രധാനപ്പെട്ട ഒന്നാണ്. സിന്ധു നദീതടത്തിലെ സ്വര്‍ണ ഖനനത്തിലൂടെ പാകിസ്ഥാന് ലോകത്തിലെ പ്രധാന ഖനന രാജ്യങ്ങളില്‍ ഒന്നാകാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം ആദ്യം, അറ്റോക്കിനടുത്തുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നൗഷേരയിലെ സിന്ധു നദിയുടെ താഴ്വരയില് നിയമവിരുദ്ധ സ്വര്‍ണ ഖനനം ആരംഭിച്ചതായി പാകിസ്ഥാന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പ്രദേശത്ത് വലിയ സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു ഇത്. പ്രാദേശിക ഖനന കരാറുകാര്‍ അവരുടെ ഖനന ഉപകരണങ്ങളുമായി പ്രദേശത്തേക്ക് ഒഴുകിയെത്തിയെങ്കിലും പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാല്‍ ഖനനം നടന്നില്ല.
ഇന്ത്യയിലെ ഹിമാലയത്തില്‍ നിന്ന് സിന്ധു നദി സ്വര്‍ണം കൊണ്ടുവരികയും അത് പാകിസ്ഥാനില്‍ നിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ പറയുന്നത്. പ്ലേസര്‍ സ്വര്‍ണം എന്നറിയപ്പെടുന്ന ഈ സ്വര്‍ണക്കട്ടകള്‍ പരന്നതോ പൂര്‍ണമായും വൃത്താകൃതിയിലുള്ളതോ ആണ്. ഇത് ദൂരെ നിന്ന് സഞ്ചരിച്ച് ഇവിടെ നിക്ഷേപിച്ചതാണെന്ന് വ്യക്തമാക്കുന്നു.
സിന്ധു നദീതടം, പ്രശസ്തമായ സിന്ധു നദീതട സംസ്കാരത്തിന്റെ ആസ്ഥാനമാണ്. അപൂര്‍വ ധാതുക്കളും സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളും നിറഞ്ഞ പ്രദേശമാണിത്. സിന്ധു, ഘാഗര്‍-ഹക്ര നദീതടങ്ങളില്‍ അഭിവൃദ്ധി പ്രാപിച്ച സിന്ധു നദീതട സംസ്കാരം, പുരാവസ്തു ഗവേഷകര്‍ പറയുന്നതനുസരിച്ച് ആധുനിക പാകിസ്ഥാനിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലുമായിരുന്നു സ്ഥിതി ചെയ്തിരുന്നത്.
ഈ കണ്ടെത്തലില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രധാന വസ്തുത, സിന്ധു നദി ഹിമാലയത്തില്‍ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ, സ്വര്‍ണത്തിന്റെ ഉത്ഭവസ്ഥാനം ഹിമാലയന്‍ മേഖലയാണെന്നും, അത് നദിയിലൂടെ ഒഴുകി പാകിസ്ഥാനില്‍ നിക്ഷേപിക്കപ്പെടുന്നുവെന്നും ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ പറയുന്നു. അതായത്, ഈ സ്വര്‍ണനിക്ഷേപത്തിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവം ഇന്ത്യയുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ദക്ഷിണേഷ്യയിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ ശേഖരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്ഥാന്. പാകിസ്ഥാന് സ്റ്റേറ്റ് ബാങ്ക് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, 2024 ഡിസംബര്‍ വരെ പാകിസ്ഥാന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 5,434.24 മില്യണ്‍ ഡോളറാണ്. ഈ പുതിയ കണ്ടെത്തല്‍ പാകിസ്ഥാന്റെ സാമ്പത്തിക ഭാവിയെ മാറ്റിമറിക്കുമോ എന്ന് കാത്തിരുന്നു കാണാം.