ലണ്ടന്‍: യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്കി നോര്ഫ്ഫോള്ക്ക് റോയല്‍ എസ്റ്റേറ്റിലെ സാന്‍ഡ്രിംഗ്ഹാം കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന് രാജാവുമായി കൂടിക്കാഴ്ച നടത്തി. സെലന്‍സ്കി നോര്ഫ്ളോക്കിലെ വസതിയില്‍ എത്തിയപ്പോള്‍ പ്രദേശവാസികള്‍ ചിലര്‍ യുക്രെയ്ന് പതാകകള്‍ പിടിച്ച് എസ്റ്റേറ്റിന് പുറത്ത് രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ തടിച്ചുകൂടി. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ സമയം നീണ്ടു നിന്നു.
രാജവുമായുള്ള കൂടിക്കാഴ്ചയ്ക്കും യുക്രെയ്നെ പിന്തുണയ്ക്കുന്നതിനും യുകെയോട് നന്ദിയുണ്ടെന്ന് സെലന്‍സ്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സെലെന്‍സ്കിക്കും യുക്രെയ്നും ചാള്‍സ് രാജാവ് മുന്‍പും പിന്തുണ അറിയിച്ചിരുന്നു. 2023 ല്‍ സെലെന്‍സ്കി ബക്കിങ്ങാം കൊട്ടാരത്തില്‍ വച്ച് ചാള്‍സ് രാജാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി നടത്തിയ ചര്‍ച്ച വലിയ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ യുകെയുടെ രാജാവും പ്രധാനമന്ത്രിയും നല്കുന്ന സ്വീകരണങ്ങള്‍ രാജ്യാന്തര ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്.
യുഎസ് സന്ദര്‍ശന വേളയില്‍ ഡോണള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ വഴി ചാള്‍സ് രാജാവ് യുകെയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച ഡോണള്‍ഡ് ട്രംപ് യുകെ സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷമാണ് സെലന്‍സ്കിയുമായി ട്രംപ് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും തുടര്‍ന്ന് യുക്രെയ്നെ യുകെ ചേര്‍ത്തു നിര്‍ത്തുന്നതും.