ഒരുകാലത്ത് ബോഡി ബിൽഡിംഗ് മത്സരങ്ങളൊക്കെ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്നു എങ്കിൽ ഇന്ന് ബോഡി ബിൽഡിംഗ് രംഗത്ത് സജീവമായിരിക്കുന്ന ധാരാളം സ്ത്രീകൾ ഉണ്ട്. ഫിറ്റ്നസിൻ്റെ പ്രാധാന്യം പുരുഷന്മാരെ പോലെ തന്നെ മനസ്സിലാക്കുകയും ശരീരസൗന്ദര്യത്തിന് വേറിട്ട മാനം നൽകുകയും ചെയ്യുന്നുണ്ട് സ്ത്രീകൾ. നാട്ടിൻപുറങ്ങളിൽ പോലും ജിമ്മുകൾ സജീവമാകുന്ന ഇക്കാലത്ത് ബോഡി ബിൽഡിങ്ങിലേക്ക് തിരിയുന്ന സ്ത്രീകളുടെ എണ്ണം കുറവല്ല. തിരുവനന്തപുരത്തിന് അഭിമാനമായി മാറിയ ഒരു വനിത ബോഡി ബിൽഡറെ പരിചയപ്പെടാം.
ആര്യനാടിൻ്റെ ‘ലേഡീ ഷ്വാസ്‌നെഗർ’ ആയി മാറിയിരിക്കുകയാണ് പഞ്ചായത്തിലെ എസ്‌ടി പ്രൊമോട്ടർ കൂടിയായ സ്വാതി സതീഷ്. കോഴിക്കോട് നടന്ന കേരള ഹെൽത്ത് ക്ലബ് ഓർഗനൈസേഷൻ്റെ സംസ്ഥാന ബോഡിബിൽ ഡിങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും, മോം ഫിറ്റ്‌നസിൽ മൂന്നാം സ്ഥാനവും, വുമൺ ഫിറ്റ്‌നസിൽ നാലാം സ്ഥാനവും നേടിയാണ് സ്വാതി നാടിൻ്റെ അഭിമാനമായി മാറിയത്. ജില്ലയിൽ ഒന്നാം സ്ഥാനം ആയിരുന്നു. പറണ്ടോട്, മേലേപിണർമൂട് സ്വദേശിയായ സ്വാതി, ജില്ലയിൽ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ വനിതാ ബോഡി ബിൽഡർ കൂടിയാണ്. ഭർത്താവ് അനീസ്, മകൻ നാല് വയസ്സുകാരൻ ലിയാൻ.
പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഉയർന്നു വന്ന് തൻ്റെ സ്വപ്നങ്ങളിലേക്ക് പറന്നുയർന്ന സ്വാതി സതീഷ് മറ്റു സ്ത്രീകൾക്കും പ്രചോദനമായി മാറുകയാണ്. കഠിനമായ വ്യായാമവും ചിട്ടയായ ജീവിതശൈലിയും ഒക്കെ ജീവിതചര്യയാക്കി മാറ്റിയ ഈ യുവതി ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്.