മുംബൈ: ഒരു സാറ്റലൈറ്റ് ഡിഷ് കമ്പനിയുടെ 50 സെക്കന്‍ഡ് പരസ്യത്തിന് നയന്‍താര വാങ്ങിയത് അഞ്ച് കോടി രൂപ. ബോളിവുഡ് താരങ്ങള്‍ പോലും ഇത്രയും ചെറിയ പരസ്യങ്ങള്‍ക്ക് ഇത്രയധികം പ്രതിഫലം വാങ്ങാറില്ല. ഇത് നയന്‍താരയുടെ ജനപ്രീതിയുടെയും സ്വാധീനത്തിന്റെയും തെളിവാണ്. ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളായി നയന്‍താര മാറിക്കഴിഞ്ഞു.
നയന്‍താരയുടെ ആകെ ആസ്തി 200 കോടി രൂപയാണ്. ചെന്നൈയില്‍ 100 കോടി രൂപ വിലമതിക്കുന്ന ഒരു അപ്പാര്‍ട്ട്മെന്റും സ്വന്തമായി ഒരു പ്രൈവറ്റ് ജെറ്റും മെഴ്സിഡസ് മെയ്ബാച്ച്, ബിഎംഡബ്ല്യു സീരീസ് 7 തുടങ്ങിയ ആഡംബര കാറുകളും നയന്‍താരയ്ക്കുണ്ട്. താരത്തിന്റെ ആഡംബര ജീവിതം എന്നും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്.
20 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ നയന്‍താര 80-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകള്‍ നയന്‍താരയുടെ പേരിലുണ്ട്. ‘ചന്ദ്രമുഖി’, ‘ഗജിനി’, ‘ശ്രീരാമ രാജ്യം’ തുടങ്ങിയ സിനിമകളിലൂടെ നയന്‍താര തന്റെ കഴിവ് തെളിയിച്ചു. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന പദവിയിലേക്ക് നയന്‍താര വളര്‍ന്നു. 2023-ല്‍ ഷാരൂഖ് ഖാനോടൊപ്പം ‘ജവാന്’ എന്ന സിനിമയിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ആയിരം കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ഈ സിനിമ നയന്‍താരയെ പാന്‍ ഇന്ത്യന്‍ താരമാക്കി മാറ്റി.
ബെംഗളൂരുവില്‍ ഒരു മലയാളി ക്രിസ്ത്യന്‍ കുടുംബത്തിലാണ് നയന്‍താര ജനിച്ചത്. എയര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്ന പിതാവിന്റെ ജോലി കാരണം ഇന്ത്യയുടെ പല ഭാഗങ്ങളിലായി നയന്‍താരയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ നയന്‍താര ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാകാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മോഡലിംഗിലേക്ക് എത്തിയതോടെ ജീവിതം മാറിമറിഞ്ഞു. സംവിധായകന് സത്യന് അന്തിക്കാടാണ് നയന്‍താരയെ ആദ്യമായി ‘മനസ്സിനക്കരെ’ (2003) എന്ന സിനിമയില്‍ അഭിനയിപ്പിച്ചത്. അതോടെ നയന്‍താരയുടെ സിനിമാ ജീവിതം ആരംഭിച്ചു.
മുന്‍പ് പല പ്രണയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും 2022-ല്‍ സംവിധായകന് വിഘ്നേഷ് ശിവനെ നയന്‍താര വിവാഹം കഴിച്ചു. അതേ വര്‍ഷം തന്നെ ഇവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചു. വാടക ഗര്‍ഭധാരണത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്. 2025-ല്‍ ‘ദി ടെസ്റ്റ്’, ‘ടോക്സിക്’, ‘രക്കായി’ തുടങ്ങിയ സിനിമകളില്‍ നയന്‍താര അഭിനയിക്കുന്നുണ്ട്.