കോട്ടയം: രാഷ്ട്രീയത്തിലിറങ്ങാനൊരുങ്ങി ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ). എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താനും മറ്റിടങ്ങളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനുമാണ് നീക്കമെന്നാണ് സൂചന.
അതേസമയം, പാര്‍ട്ടി രൂപവത്കരണത്തിന് പഠനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, പാര്‍ട്ടി രൂപവത്കരിക്കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് കാസ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്ററിന്റെ ഔദ്യോഗിക പ്രതികരണം.
”കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് വളരെ വിശദമായി പഠിച്ചിട്ടുണ്ട്. മുന്‍തിരഞ്ഞെടുപ്പിലെ കണക്കുകളടക്കം പരിശോധിച്ചാണ് പഠനം നടത്തിയത്. കേരള കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമല്ല. കറകളഞ്ഞ, ദേശീയതയ്ക്കൊപ്പം നില്‍ക്കുന്ന വലത് രാഷ്ട്രീയപ്പാര്‍ട്ടിക്കുള്ള സ്‌പെയ്‌സ് ഇവിടെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. പാര്‍ട്ടി ഉണ്ടാക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഭാവിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരികയും രാഷ്ട്രീയ പ്രസ്ഥാനം തുടങ്ങേണ്ടത് ആവശ്യമായി വരികയും ചെയ്താല്‍ അപ്പോള്‍ ആ തീരുമാനം എടുക്കും…” കെവിന്‍ പീറ്റര്‍ പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ യുവതി-യുവാക്കളെ മത്സരരംഗത്തേക്ക് ഇറക്കാന്‍ പ്രേരിപ്പിക്കുകയും തയ്യാറായവരെ പിന്തുണയ്ക്കുകയും ചെയ്യും. അതിനായുള്ള പ്രവര്‍ത്തനം തുടങ്ങിയെന്നും കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. അതേസമയം, പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ച് ഒരിക്കലും ആലോചിച്ചിട്ടില്ലെന്ന ഉത്തരമാണ് കെവിന്‍ പീറ്റര്‍ നല്‍കിയതെന്ന് ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.