റോണി തോമസ്
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസി മെട്രോ ഏരിയയിൽ പതിനഞ്ച് വർഷത്തിനുമുകളിൽ കേരള അസോസിയേഷൻ ഓഫ് ഗ്രെയിറ്റർ വാഷിംഗ്ടൺ (KAGW) സംഘടിപ്പിക്കുന്ന കലോത്സവം “ടാലെന്റ്ടൈം 2025” മാർച്ച് 8, 22, ഏപ്രിൽ 5 തീയതികളിൽ അരങ്ങേറുന്നു. ഏകദേശം മുപ്പതിലധികം മത്സര ഇനങ്ങളിൽ നാല് പ്രായ വിഭാഗങ്ങളിലായി എഴുനൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു കൊണ്ടിരിക്കുന്നു.
വിർജീനിയ, വാഷിംഗ്ടൺ ഡി.സി., മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വേദി ഒരുക്കുന്നതിനായി KAGW പ്രസിഡന്റ് ജെൻസൺ ജോസിന്റെ നേതൃത്വത്തിൽ സംഘടന ശക്തമായി പ്രവർത്തിച്ചുവരുന്നു. വിവിധ മത്സരങ്ങൾക്കായി പ്രഗത്ഭരായ വിധികർത്താക്കളെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഈ വർഷത്തെ കലാതിലകവും കലാപ്രതിഭയും ആരാവുമെന്ന് അറിയാൻ മലയാളി സമൂഹം ആവേശത്തോടെ കാത്തിരിക്കുന്നു. KAGW നിലവിൽ അമ്പതു വർഷം പൂർത്തിയാകുന്ന ഈ വർഷം മികച്ചൊരു ആഘോഷ വേദിയൊരുക്കാനാണ് അസോസിയേഷൻ ശ്രമിക്കുന്നത് എന്ന് പ്രസിഡന്റ് ജെൻസൺ പ്രസ്താവിച്ചു.
“ടാലെന്റ്ടൈം” മത്സരവേദി മികച്ചതാക്കുന്നതിനായി കമ്മിറ്റി കോഓർഡിനേറ്റർമാരായ നിഫിയുടെയും റീജയുടെയും നേതൃത്വത്തിൽ സംഘാടകർ കഠിനമായ പരിശ്രമത്തിലാണ്. മത്സരാർത്ഥികൾക്ക് https://talenttime.kagw.com/ എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.