തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പിണറായി വിജയനു സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും പ്രായപരിധിയില്‍ ഇളവ് നല്‍കാനും രണ്ടു ടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ പാടില്ലെന്ന സി.പി.എം നയത്തില്‍ മാറ്റം വരുത്താനും ധാരണ.
പിണറായിക്കു പ്രായപരിധിയില്‍ ഇളവുനല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃ നിരക്ക് ഒരേ അഭിപ്രായമാണ് ഉള്ളത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജനും ഇക്കാര്യത്തില്‍ സൂചന നല്‍കിയിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പിണറായിതന്നെ ആയിരിക്കും ക്യാപ്റ്റന്‍. കൊല്ലത്തെ സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയനെ മുന്‍നിര്‍ത്തിയുള്ള മൂന്നാം ഭരണത്തിനായുള്ള നീക്കങ്ങളാണ് ഇനി പാര്‍ട്ടി ഇനി നടത്തുക.
കൊല്ലം സമ്മേളനത്തില്‍ 75 വയസ് പ്രായപരിധി കര്‍ശനമായി നടപ്പിലാക്കിയാല്‍ പി.കെ ശ്രീമതി, എ.കെ ബാലന്, ആനാവൂര്‍ നാഗപ്പന് എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയേക്കും. പകരം മന്ത്രി എം.ബി രാജേഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്, കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി പി മോഹനന് എന്നിവര്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ചേക്കേറും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ കാര്യമായ അഴിച്ചു പണിയുണ്ടായേക്കില്ല.
നാലു പുതുമുഖങ്ങള്‍ സംസഥാന സെക്രട്ടറിയേറ്റില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്. പി.കെ. ശ്രീമതി ഒഴിയുന്നതിനാല്‍ ജെ. മേഴ്സിക്കുട്ടിയമ്മ സംസ്ഥാന സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്. ആനാവൂര്‍ നാഗപ്പന്റെ ഒഴിവില്‍ കടകംപള്ളി സുരേന്ദ്രന്റെ പേര് സജീവ പരിഗണനയിലുണ്ട്. ജനുവരിയില്‍ 75 വയസ് പൂര്‍ത്തിയാകാത്തതിനാലാണ് ഇ.പി ജയരാജന്, ടി.പി രാമകൃഷ്ണന് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിലനിര്‍ത്തുക. കണ്ണൂരില്‍നിന്നുള്ള പി ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കുറവാണ്.
എംഎല്‍എമാര്‍ക്ക് രണ്ടു ടേമില്‍ കൂടുതല്‍ മത്സരിക്കാന്‍ അവസരം കൊടുക്കേണ്ടെന്ന സി.പി.എം നയത്തില്‍ പാര്‍ട്ടി മാറ്റം വരുത്തും. കൊല്ലം സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവും. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ടു ടേം വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ച ജില്ലാ സമ്മേളനങ്ങളില്‍ സജീവമായിരുന്നു.
രണ്ടു ടേം കഴിഞ്ഞവരെ മത്സരരംഗത്തുനിന്നു മാറ്റി നിര്‍ത്തണമെന്ന വ്യവസ്ഥ കര്‍ശനമാക്കിയാല്‍ 25 എം.എല്‍.എമാര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കേണ്ടതായി വരും. ഇത് ജയ സാധ്യതയെ തകര്‍ക്കും. വിജയസാധ്യതയുള്ള എം.എല്‍.എമാരെ രണ്ട് ടേം വ്യവസ്ഥ മറികടന്നും മത്സരിപ്പിക്കാന്‍ സി.പി.എം അതിനാല്‍ ആലോചിക്കുകയാണ്.