വാഷിങ്ടൺ: അനധികൃത പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനങ്ങളുടേയും കോളജുകളുടേയും ഫണ്ട് റദ്ദാക്കുമെന്ന് ട്രംപ്. പ്രതിഷേധങ്ങൾ അരങ്ങേറുന്ന മുഴുവൻ സ്കൂളുകളുടേയും കോളജുകളുടേയും ഫണ്ട് വെട്ടിച്ചരുക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രതിഷേധിക്കുന്നവരെ ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. യു.എസ് പൗരൻമാരായ വിദ്യാർഥികളാണ് പ്രതിഷേധിച്ചതെങ്കിൽ അവരെ കോളജുകളിൽ നിന്നും പുറത്താക്കും. വിദേശ വിദ്യാർഥികളാണെങ്കിൽ അവരെ ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
യുക്രെയ്നുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തിവെക്കാൻ യു.എസ് തീരുമാനിച്ചിരുന്നു. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു.
പിന്നാലെയാണ് യുക്രെയ്ന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം യു.എസിൽനിന്നുണ്ടായത്. ചർച്ച അലസിപ്പിരിഞ്ഞതോടെ യുക്രെയ്ന്‍റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്. യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യു.കെയിലെത്തിയ സെലൻസ്കിക്ക് വലിയ വരവേൽപാണ് നേതാക്കൾ നൽകിയത്. ഇതും യു.എസിനെ ചൊടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ തയാറാകുന്നതുവരെ യുക്രെയ്നുള്ള സൈനിക സഹായം നിർത്തിവെക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.