Monday, March 10, 2025

HomeNewsപാകിസ്ഥാന് ബമ്പർ; സിന്ധു നദിയുടെ അടിത്തട്ടില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി

പാകിസ്ഥാന് ബമ്പർ; സിന്ധു നദിയുടെ അടിത്തട്ടില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി

spot_img
spot_img

പാകിസ്ഥാനില്‍ സിന്ധു നദിയുടെ അടിത്തട്ടില്‍ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയില്‍ സര്‍ക്കാര്‍ നടത്തിയ സര്‍വെയിലാണ് വമ്പന്‍ സ്വര്‍ണശേഖരം കണ്ടെത്തിയതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന രാജ്യത്തിന് ഇത് ആശ്വാസം നല്‍കുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. സ്വര്‍ണഖനനം നടത്താനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാകിസ്ഥാനും (എന്‍ഇഎസ്പിഎകെ) പഞ്ചാബിലെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് വകുപ്പും ചേര്‍ന്നാണ് ഖനന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഇത് രാജ്യത്തെ ഖനന വ്യവസായത്തിന് സുപ്രധാന നാഴികക്കല്ലാകുമെന്ന് കരുതുന്നു.

അറ്റോക്ക് ജില്ലയിലെ സിന്ധുനദിക്കരയിലുള്ള സ്വര്‍ണ ശേഖരം ഖനനം ചെയ്ത് എടുക്കുന്നതിന് ബിഡ്ഡിംഗ് രേഖകള്‍ തയ്യാറാക്കുന്നതിനും ഇടപാട്, അഡ്വൈസറി സേവനങ്ങള്‍ക്കും വേണ്ടി കൂടിയാലോചനകൾ നടത്തുമെന്ന് എന്‍ഇഎസ്പാക് മനേജിംഗ് ഡയറക്ടര്‍ സര്‍ഗാം ഇഷാഖ് ഖാന്‍ പറഞ്ഞതായി ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘‘ഹിമാലയത്തില്‍ നിന്നുള്ള സ്വര്‍ണശേഖരം സിന്ധുനദിയുടെ അടിത്തട്ടില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടാകാമെന്ന് ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ പറയുന്നു. അവ ധാതുക്കളുടെ രൂപത്തിലോ കട്ടികളായോ അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. നദിയുടെ ഒഴുക്ക് മൂലം അത് പരന്നു പോകാനോ ഉരുണ്ടിരിക്കാനോ സാധ്യതയുണ്ട്,’’ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

സിന്ധുനദീതടം ധാതുശേഖരത്തില്‍ സമ്പന്നമാണ്. സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങളുടെ ഉറവിടമായി ഇത് കരുതപ്പെടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കണക്കുകള്‍ പ്രകാരം 2024 ഡിസംബര്‍ വരെ പാകിസ്ഥാന്‍റെ സ്വര്‍ണ ശേഖരം 543 കോടി ഡോളറായി കണക്കാക്കിയിട്ടുണ്ട്. വിദേശ വിനിമയ കരുതല്‍ ശേഖരം കുറയുകയും കറന്‍സിയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോള്‍ ഈ സ്വര്‍ണശേഖരം രാജ്യത്തിന് നിര്‍ണായക സാമ്പത്തിക സഹായം നല്‍കും.

സിന്ധു നദീതടത്തിലെ ഈ ഖനന പദ്ധതി വിജയിച്ചാല്‍ പാകിസ്ഥാന്റെ സ്വര്‍ണ ഉത്പാദനം ഗണ്യമായി വര്‍ധിക്കുകയും അന്താരാഷ്ട്രതലത്തിലുള്ള സ്വാധീനം ഉയരുകയും ചെയ്യും. ഈ കണ്ടെത്തല്‍ രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കാനാകുമോ അതോ ഉപയോഗിക്കപ്പെടാനാവാത്ത വിഭവമായി തുടരുമോ എന്ന കാര്യത്തില്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തീരുമാനമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments