രഘുനാഥഘര്‍: പിതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് വീട് ചവിട്ട്പൊളിച്ച് ഒരുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ചവുട്ടിയരച്ച് കൊന്നു. ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മുഖത്താണ് പൊലീസ് ബൂട്ടിട്ട് ചവിട്ടിയരച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. പൊലീസ് ക്രൂരതയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജസ്ഥാനിലെ രഘുനാഥഘര്‍ എന്ന ?ഗ്രാമം. ഒറ്റമുറി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ കുഞ്ഞാണ് ബൂട്ടിനടിയില്‍ ചതഞ്ഞരഞ്ഞത്.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട് പൊളിച്ച് പൊലീസ് സംഘം അതിക്രമിച്ച് കയറിയതെന്ന് ഇമ്രാന് ഖാനും റാസിദയും നിറകണ്ണുകളോടെ പറയുകയാണ്. ശബ്ദംകേട്ട് വാതില്‍ തുറന്ന റാസിദ കണ്ടത് 10 അംഗ പൊലീസ് സംഘത്തെയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് വനിതാ പൊലീസ് പോലുമില്ലാത്ത സംഘം അസഭ്യം പറഞ്ഞ് റാസിദയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കട്ടിലില്‍ പുതച്ചു കിടത്തിയിരുന്ന ഒരു മാസം പ്രായമുള്ള അലിസ്ബയുടെ മുഖത്ത് ബൂട്ടിട്ട് ചവിട്ടിക്കയറി പൊലീസുകാര്‍ ഇമ്രാനെ കടന്നുപിടിച്ചു. കുഞ്ഞിനെ ചവിട്ടിയരച്ച് ഇമ്രാനെ പുറത്തേക്ക് വലിച്ചിഴച്ചു. ചവിട്ടിയരച്ചത് കുഞ്ഞിനെയാണെന്ന് മനസ്സിലായതും പൊലീസ് സംഘം ഇറങ്ങിയോടി. അപ്പോഴേക്കും ആ കുഞ്ഞുശരീരത്തില്‍ നിന്ന് ജീവന് നഷ്ടമായിരുന്നു.
സൈബര്‍ കുറ്റകൃത്യത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഇമ്രാനെതിരെ ഇതുവരെ ഏതെങ്കിലും പരാതിയോ കേസോ ഇല്ല. കൂലിപ്പണിക്ക് പോകുന്ന തനിക്ക് ഇതിനെക്കുറിച്ചൊക്കെ എന്തറിയാമെന്നാണ് ഇമ്രാന് ചോദിക്കുന്നത്. നിരപരാധിത്വം തുറന്നു പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. പൊലീസ് വെള്ളക്കടലാസില്‍ നിര്‍ബന്ധിച്ച് ഒപ്പിട്ടുവാങ്ങിയെന്നും അലിസ്ബയടക്കം മൂന്നുകുട്ടികളുടെ പിതാവായ ഇമ്രാന് പറയുന്നു.
മുസ്ലിം ഭൂരിപക്ഷ ഗ്രാമത്തില്‍ പൊലീസ് അതിക്രമം പതിവാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. വന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെയാണ് ഗിര്‍ധാരി, ജഗ്വീര് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അധികൃതര്‍ തയ്യാറായത്. സംഘത്തില്‍പ്പെട്ട മറ്റ് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. കുഞ്ഞ് എതോ അപകടത്തില്‍ മരിച്ചതാണെന്നും കൃത്യത്തില്‍ പങ്കില്ലെന്നുമാണ് പോലീസ് ഭാഷ്യം.