ന്യൂഡല്‍ഹി: ബൊഫോഴ്സ് ആയുധ കരാര്‍ അഴിമതി കേസില്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ യു.എസിനെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി കേസുമായി ബന്ധപ്പെട്ട് ലെറ്റര്‍ റോഗട്ടറി പുറപ്പെടുവിച്ചിരുന്നു. മറ്റൊരു രാജ്യത്തുനിന്ന് വിവരം തേടാനായാണ് ലെറ്റര്‍ റോഗട്ടറി ഇറക്കുന്നത്. ഇത് അമേരിക്കയിലെ നിയമവകുപ്പിന് കഴിഞ്ഞ ദിവസം സി.ബി.ഐ കൈമാറി.
40 വര്‍ഷം മുമ്പ് നടന്ന ബൊഫോഴ്സ് ഇടപാടിനെക്കുറിച്ച് അറിയാമെന്ന് അമേരിക്കന്‍ സ്വകാര്യ ഡിറ്റക്ടീവ് സ്ഥാപനമായ ഫെയര്‍ ഫാക്ട്സിന്റെ മേധാവി മൈക്കല്‍ ഹെര്‍ഷ്മാന്‍ നേരത്തെ പറഞ്ഞിരുന്നു. സി.ബി.ഐ നടത്തുന്ന അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയാറാണെന്നും ഹെര്‍ഷ്മാന്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജന്‍സിയുടെ നീക്കം. ഇതിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ തയാറാകണമെന്ന് ലെറ്റര്‍ റോഗട്ടറിയില്‍ ആവശ്യപ്പെടുന്നു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടന്ന ബൊഫോഴ്സ് ഇടപാടുമായി ബന്ധപ്പെട്ട് പല കോണ്‍ഗ്രസ് നേതാക്കളും കൈക്കൂലി വാങ്ങിയിരുന്നുവെന്നാണ് ആരോപണം. സൈന്യത്തിന് നല്‍കാനായി 400 155 എം.എം ഹോവിറ്റ്സര്‍ ഗണ്‍ വാങ്ങാനായി സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ എ.ബി ബൊഫോഴ്സുമായി 1,437 കോടി രൂപയുടെ കരാറില്‍ 1986 മാര്‍ച്ചിലാണ് ഇന്ത്യ ഒപ്പുവെച്ചത്.
തൊട്ടടുത്ത വര്‍ഷം ഏപ്രിലില്‍ സ്വീഡിഷ് റേഡിയോ ചാനലാണ് കമ്പനി ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കോഴ നല്കി കരാര്‍ സ്വന്തമാക്കിയെന്ന ആരോപണവുമായി രംഗത്തുവന്നത്. ഗാന്ധി കുടുംബവുമായി ബന്ധമുള്ള വിദേശ വ്യവസായികള്‍ക്കുള്‍പ്പെടെ പണം ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. 64 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.