ചെറിയാന് മഠത്തിലേത്ത്
ഹൂസ്റ്റണ്‍: നോമ്പുകാലം ആരംഭിക്കുന്നതിന് മുമ്പുള്ള ‘മാര്‍ഡി ഗ്രാസ്’ അഥവാ ‘ഫാറ്റ് റ്റൂസ്ഡേ’യുടെ ഉല്‍സവ ലഹരിയിലായിരുന്നു നമ്മള്. പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ ‘പേതൃത്ത’ ആഘോഷമാണ് റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവരുടെ മാര്‍ഡി ഗ്രാസ്. ജനുവരി 6-ന്റെ എപ്പിഫനി തിരുനാളില്‍ തുടങ്ങി ആഴ്ച്ചകളോ, ദിവസങ്ങളോ നീണ്ടുനില്‍ക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന്റെ സമാപനദിനമാണിത്. ഹൂസ്റ്റണില്‍ നിന്ന് അര മണിക്കൂര്‍ സമയം കൊണ്ട് സഞ്ചരിച്ചെത്തുന്ന ടൂറിസ്റ്റ് കേന്ദ്രമായ ഗാല്‍വസ്റ്റണ്‍ ദ്വീപിലാണ് ഫാറ്റ് റ്റൂസ്ഡേയിലെ പ്രധാന പരേഡ് നടന്നത്.

അതുപോലെ തന്നെ മറ്റൊരു സുപ്രധാന ആഘോഷമാണ് ‘വെസ്റ്റ് വെസ്റ്റേണ്‍ റോഡിയോ’ പരേഡ്. സൗത്ത് വെസ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൗബോയ് സംസ്കാരം നിഴലിക്കുന്ന വര്‍ണശബളവും സംഗീത സാന്ദ്രവുമായ ഈ ഉല്‍സവം രണ്ടാഴ്ചയിലേറെ നീണ്ടുനില്‍ക്കും. ഉല്‍സവങ്ങളെല്ലാം തന്നെ നമ്മുടെ സങ്കടങ്ങളും സമ്മര്‍ദങ്ങളും മറക്കാനുള്ള ഒത്തുചേരലുകളാണല്ലോ. വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ യോഗവും സാഹിത്യ കുതുകികളുടെ ഉല്‍സവമായി.

യോഗത്തില്‍ അധ്യക്ഷത വഹിച്ച പബ്ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു നെല്ലിക്കുന്ന് ഏവരെയും സ്വാഗതം ചെയ്തു. അന്തരിച്ച കമ്മ്യൂണിറ്റി ലീഡര്‍ മാത്യു പന്നപ്പാറയ്ക്ക് യോഗം ആദരാഞ്ജലികളര്‍പ്പിച്ചു. എ.സി ജോര്‍ജ്, കുര്യന് മ്യാലില്‍ എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. റൈറ്റേഴ്സ് ഫോറം സഫലമായ 35 സംവല്‍സരങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഒരു ചരിത്ര സമാഹാരം താമസിയാതെ പുറത്തിറക്കുമെന്നും എല്ലാവരുടെയും സഹകരണം ഇക്കര്യത്തിലുണ്ടാവണമെന്നും മാത്യു നെല്ലിക്കുന്ന് പറഞ്ഞു. കേരള റൈറ്റേഴ്സ് ഫോറം നാളിതുവരെ 21 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് നടന്ന സാഹിത്യ സംവാദത്തില്‍ ജോസഫ് നമ്പിമഠത്തിന്റെ ‘നിസ്വനായ പക്ഷി’ എന്ന കൃതിയെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ മാത്യു സദസിന് പരിചയപ്പെടുത്തി. 19-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ രാഷ്ട്രീയവും മതപരവും സാമൂഹികവും ശാസ്ത്രീയവും കലാ-സാംസ്കാരികപരവുമായ മുന്നേറ്റങ്ങള്‍ ലോകഗതിയെ മാറ്റിമറിക്കുന്നതായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു. സഭയുടെ വളര്‍ച്ചയും അസ്തിത്വവാദവും ആധുനികതയും കമ്മ്യൂണിസവും ജനങ്ങളെ സ്വാധീനിച്ചു. ശാസ്ത്രീയ അറിവുകളുടെയും സാങ്കേതികവിദ്യയുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ മനുഷ്യന് തന്റെ ചുറ്റുപാടുകളെ നിര്‍മ്മിക്കാനും മെച്ചപ്പെടുത്താനും മാറ്റിയെഴുതുവാനുമുള്ള വ്യക്തി ശക്തിയെ ഊന്നിപ്പറയുന്ന ചിന്താധാരയാണ് മോഡേണിസമെങ്കില് വര്‍ഗാധിഷ്ടിത കമ്മ്യൂണിസം അതിനെ എതിര്‍ത്തുവെന്നതാണ് ചരിത്രം.

സ്വാതന്ത്ര്യത്തിനു വേണ്ടി മോഹിക്കുന്ന മനസ്സും അതിന്റെ പ്രതീകമായി പ്രകൃതിയോട് ചേര്‍ന്ന പക്ഷിയുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് എ.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. നമ്പിമഠത്തിന്റെ രചനകള്‍ അമേരിക്കന്‍ മലയാളി സാഹിത്യവേദികളില്‍ പരക്കെ ചര്ച്ചചെയ്യപ്പെടുന്നവയാണെന്ന് സുരേന്ദ്രന് നായര്‍ ചൂണ്ടിക്കാട്ടി. മനസ്സ് എന്ന പ്രതീകത്തിലൂടെ പ്രവാസികളുടെ ദുഃഖങ്ങളും കടന്നു വരുന്നുവെന്ന് ജോസഫ് തച്ചാറ പറഞ്ഞു. മനസ്സിന്റെ അനന്തമായ യാത്രയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. സജി, മോട്ടി മാത്യു, കൊച്ചിന് ഷാജി, ശ്രീമതി ഗ്രേസി നെല്ലിക്കുന്ന്, ശ്രീമതി ബോബി മാത്യു തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
തുടര്‍ന്ന് ചര്‍ച്ചയ്ക്ക് എടുത്തത് ജോസഫ് തച്ചാറയുടെ ‘ആ ഗൃഹം’ എന്ന കഥയായിരുന്നു. പുരാണ പ്രതീകങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ ശക്തമായ ഒരു പ്രണയ കഥ. തീവ്രമായ പ്രണയത്തിന്റെയും തുടരുന്ന ലൈംഗികതയും ചിത്രീകരിക്കുന്ന ഈ കഥയുടെ സാമൂഹിക പ്രാധാന്യത്തെയും സദസ്യര്‍ അഭിനന്ദിച്ചു. കേരള റൈറ്റേഴ്സ് ഫോറം സെക്രട്ടറി മോട്ടി മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ യോഗനടപടികള്‍ പര്യവസാനിച്ചു. അടുത്ത മീറ്റിങ്ങ് ഈമാസം 29-ാം തീയതി ശനിയാഴ്ച നടക്കുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.