വാഷിങ്ടൻ : യുക്രയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസി വീണ്ടും അമേരിക്കയിലേക്ക് . യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചത്.
റഷ്യയുമായി ഒത്തുതീർപ്പു ചർച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ്റ് വൊളോഡിമിർ സെലെൻസി തനിക്കു കത്തെഴുതിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം തീർക്കാൻ റഷ്യയുമായി താൻ ഗൗരവമായ ചർച്ചയിലാണെന്നും അർഥശൂന്യമായ യുദ്ധം അവസാനിപ്പിച്ചു സമാധാനം കൊണ്ടുവരേണ്ട സമയമാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. യുഎസുമായി ധാതുഖനന കരാർ ഒപ്പിടാൻ യുക്രെയ്ൻ തയാറായിട്ടുണ്ടെന്നും ട്രംപ് യുഎസ് കോൺഗ്രസിൽ വെളിപ്പെടുത്തി.
യുഎസ് ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ സന്നദ്ധമാണെന്ന് കഴിഞ്ഞ ദിവസം സെലെൻസ്കി വ്യക്തമാക്കിയിരുന്നു. വൈറ്റ് ഹൗസിൽ പത്രസമ്മേളനത്തിനിടെ ട്രംപുമായുണ്ടായ ഉടക്ക് ഖേദകരമായിപ്പോയെന്നും കരാർ ഒപ്പിടാൻ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ ഒപ്പിടുന്നതിനു പകരമായി കഴിഞ്ഞദിവസം നിർത്തിവച്ച യുക്രെയ്നിനുള്ള സൈനികസഹായം പുനഃസ്ഥാപിക്കുമെന്നാണു സൂചന. എന്നാൽ, ഒപ്പിടൽ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല.
യൂറോപ്യൻ യൂണിയൻ യുക്രെയ്നിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നെങ്കിലും യുഎസുമായി രമ്യതയിൽ പോകണമെന്ന ഉപദേശമാണു സെലെൻസ്കിക്കു നൽകിയത്. യുക്രെയ്ൻ നേതൃത്വം നടത്തുന്ന അനുരജ്ഞന ശ്രമങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ സ്വാഗതം ചെയ്തു. പ്രശ്നം തീർക്കാൻ സെലെൻസ്കിക്കൊപ്പം ഫ്രഞ്ച്, ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ വാഷിംഗ്ടണിലെത്തിയേക്കും.
<