കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ലെസോത്തോയെ പരിഹസിച്ച് നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം തങ്ങളെ ഞെട്ടിച്ചുവെന്ന് ലെസോത്തോ വിദേശ്യകാര്യ മന്ത്രി ലെഹോന്‍ എംപോച്യോന്‍. ഇത് നിസാരമായി കാണാന്‍ കഴിയാത്ത വിഷയമാണെന്നും ലെഹോന്‍ പറഞ്ഞു.
സഹായങ്ങള്‍ വെട്ടിക്കുറച്ചതില്‍ യുഎസിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് ട്രംപ് ലെസോത്തോയെ പരിഹസിച്ചത്. ലെസോത്തോയെ ‘ആരും കേട്ടിട്ടില്ലാത്ത ഒരു രാജ്യം’ എന്ന് വിളിച്ച ട്രംപ് രാജ്യത്തിലെ 8 മില്യണ്‍ ഡോളറിന്റെ എല്‍ജിബിടിക്യുഎ+ പദ്ധതിയെ വിമര്‍ശിക്കുകയും ചെയ്തു. എല്‍ജിബിടിക്യുഎ+ പദ്ധതിക്കായി നല്കിയ മുന്‍കാല യുഎസ് സഹായത്തിനെക്കുറിച്ചും ട്രംപ് പറഞ്ഞു.
തുടര്‍ന്ന് വിഷയത്തില്‍ പ്രതികരണവുമായി ലെസോത്തോ സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു. ട്രംപിന്റെ പരാമര്‍ശം ലെസോത്തോ സര്‍ക്കാരിനെ അമ്പരിപ്പിക്കുകയും നാണക്കേട് ഉണ്ടാക്കുകയും ചെയ്തു. ഒരു രാഷ്ട്രത്തലവന് മറ്റൊരു പരാമാധികാര രാഷ്ട്രത്തെ ഇത്തരത്തില്‍ പരാമര്‍ശിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ലെഹോന്‍ എംപോച്യോന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് വാഷിങ്ടണിലേക്ക് കത്ത് അയക്കുമെന്നും ലെഹോന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ട്രംപിന്റെ വാദം തെറ്റാണെന്ന് ലെസോത്തോയിലെ പ്രധാന എല്‍ജിബിടിക്യുഎ അവകാശ സംഘടനയായ പീപിള്‍സ് മട്രിക്സ് അറിയിച്ചു. ലെസോത്തക്ക് നല്‍കിയിരുന്നുവെന്ന് ട്രംപ് പറയുന്ന സഹായ പദ്ധതി തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് പരാമര്‍ശിച്ചതെന്ന് വ്യക്തമല്ലെന്നും പീപിള്‍സ് മട്രിക്സ് വക്താവ് ടാംപോസ് മോത്തോപെങ് പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ എച്ചഐവി നിരക്കുള്ള രാജ്യമാണ് ലെസോത്തോ. 2006 മുതല്‍ ലെസോത്തോയില്‍ എച്ച്ഐവി/എയ്ഡ്സിനെതിരെ പോരാടുന്നതിന് യുഎസ് 630 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെബ്രുവരിയില്‍ അമേരിക്ക വിദേശ സഹായങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍ എച്ച്ഐവി പ്രതിരോധത്തിനായി നല്കികൊണ്ടിരുന്ന ഫണ്ടും നിര്‍ത്തലാക്കിയിരുന്നു.