ലണ്ടന്‍: അമേരിക്കയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതിപുരുഷനായി നിന്ന് ഇലോണ്‍ മസ്‌ക് നടത്തുന്ന ‘പരിഷ്‌കാരങ്ങള്‍’ നഷ്ടമുണ്ടാക്കുന്നത്, ശതകോടീശ്വരന്റെ ടെസ്ലയ്ക്ക് തന്നെ. യൂറോപ്പില്‍ കമ്പനി നേരിടുന്നത് വലിയ രീതിയിലുള്ള തിരിച്ചടിയാണെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ ജര്‍മനിയില്‍ ടെസ്ലയുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞു. യൂറോപ്പിലുടനീളം നേരിടുന്ന സമാന ഇടിവിന്റെ ഭാഗമായി കമ്പനിയുടെ ഓഹരി മൂല്യം താഴുകയാണ്. ടെസ്ലയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആയ ഇലോണ്‍ മസ്‌കിന്റെ രാഷ്ട്രീയ ഇടപെടലുകളോടുള്ള രോഷമാണ് കമ്പനി ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന വിപണിയാണ് ജര്‍മനി. ഇവിടെ ടെസ്ല കാറുകളുടെ വില്‍പ്പന ഫെബ്രുവരിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം കുറഞ്ഞതായി ജര്‍മന്‍ അസോസിയേഷന്‍ ഓഫ് ദി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി ബുധനാഴ്ച അറിയിച്ചു. തുടര്‍ച്ചയായി രണ്ടു മാസമാണ് യു എസ് കാര്‍ നിര്‍മാതാക്കള്‍ ജര്‍മനിയില്‍ വില്‍പ്പന തകര്‍ച്ച നേരിടുന്നത്.
മസ്‌കിന്റെ രാഷ്ട്രീയം തന്നെയാണ് ടെസ്ലയ്ക്ക് യൂറോപ്പില്‍ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നത്. രണ്ടാം ട്രംപ് ഭരണകൂടത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ്(ഡോജ്) എന്നൊരു പ്രത്യേക വകുപ്പ് പ്രസിഡന്റ് തന്റെ ശതകോടീശ്വരനായ സുഹൃത്തിന് സൃഷ്ടിച്ചു നല്‍കിയിട്ടുണ്ട്. ചെലവ് കുറയ്ക്കലും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യമെങ്കിലും, ഫെഡറല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടും, അവരുടെ മേല്‍ അധികാരം പ്രയോഗിച്ചും മസ്‌ക് നടത്തുന്ന ഇടപെടലുകള്‍ വലിയ പ്രതിഷേധം ആ രാജ്യത്ത് തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
ഇത് കൂടാതെ തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ‘എക്സ്’ വഴി തീവ്രവലതുപക്ഷ രാഷ്ട്രീയം ലോകമെമ്പാടും പരത്താനും മസ്‌ക് ശ്രമിക്കുന്നുണ്ട്. ഈ പ്രവര്‍ത്തികള്‍ക്ക് മസ്‌കിനോട് യൂറോപ്പില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതാണ് ടെസ്ലയ്ക്കും തിരിച്ചടിയായിരിക്കുന്നത്.