ലണ്ടൻ:യുകെയിൽ ഗവേഷണം നടത്തിയിരുന്ന ചൈനീസ് വിദ്യാർഥി പീഡന കേസിൽ അറസ്റ്റിൽ. ലഹരി നൽകിയ ശേഷം 10 സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് അസുൻഹോ സുവി (28) അറസ്റ്റിലായത്. 60 ലേറെ സ്ത്രീകളെ അസുൻഹോ പീഡിപ്പിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്.
ഇയാൾ സ്ത്രീകളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ സ്വയം പകർത്തി സൂക്ഷിച്ചിരുന്നു. നിലവിൽ 2019 നും 2023നും ഇടയിൽ ലണ്ടനിൽ 3 യുവതികളെയും ചൈനയിൽ 7 പേരെയും ഇയാൾ പീഡിപ്പിച്ചതായി തെളിവ് ലഭിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രതി ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയായിരുന്നു.
പ്രതിക്കെതിരെ 11 കുറ്റം തെളിഞ്ഞിട്ടുണ്ട്. രണ്ടു കേസുകളിൽ ഒരാൾ തന്നെയാണ് ഇര. ഒളിക്യാമറ വച്ചാണ് പ്രതി പീഡന ദൃശ്യം പകർത്തിയിരിക്കുന്നത്. പ്രതിയുടെ കയ്യിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിലെ പല ഇരകളെയും പൊലീസിന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇതുവരെ പത്തിൽ രണ്ട് പേരെ മാത്രമാണ് വിചാരണയുടെ ഭാഗമായി കണ്ടെത്താൻ സാധിച്ചത്.
വിചാരണയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഒരു സ്ത്രീ നവംബർ 2023ൽ പീഡനത്തിന് പരാതി നൽകിയതോടെയാണ് ഉദ്യോഗസ്ഥർ സമഗ്രമായ അന്വേഷണം ആരംഭിച്ചത്. കേസിനെക്കുറിച്ചുള്ള വാർത്തകൾ വായിച്ചതിനുശേഷം മറ്റൊരു സ്ത്രീ അടുത്തിടെ പൊലീസുമായി ബന്ധപ്പെട്ടു.
2021 സെപ്റ്റംബറിൽ പശ്ചിമ ലണ്ടനിലെ ചൈനാടൗണിൽ ഒരു ബാറിൽ വെച്ച് സുവിൽ നിന്ന് പാനീയം കഴിച്ച ശേഷം ബോധം നഷ്ടപ്പെട്ടതായും പിന്നീട് തെരുവിൽ ഛർദ്ദിച്ചതായും അതിനുശേഷം ബാങ്ക് കാർഡുകൾ നഷ്ടമായതായും ഇരയായ ഒരു സ്ത്രീ കോടതിയിൽ മൊഴി നൽകി.
2023 മെയ് 18ന് പ്രതി തന്റെ ഫ്ലാറ്റിൽ ഒരുക്കിയ പാർട്ടിക്ക് ശേഷം മറ്റൊരു സ്ത്രീയെ പീഡിപ്പിച്ചു. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്ന തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ സുഹൃത്തിനെ വിളിച്ചപേക്ഷിച്ചെങ്കിലും സുവി തടഞ്ഞു. പിന്നീട് ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തി.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ സുവിന്റെ ഫ്ലാറ്റിൽ പോലീസ് റെയ്ഡ് നടത്തിയപ്പോൾ ലഹരി വസ്തുക്കളും ഒളിക്യാമറകളും കണ്ടെത്തി. പീഡന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകളെ ബോധമില്ലാതെ കാണുന്നത് തനിക്കിഷ്ടമാണെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു.