മെക്സിക്കോ സിറ്റി:മെക്സിക്കോയിൽ നിന്ന് കഴിഞ്ഞ മാസം കാണാതായ ഒൻപത് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അവധി ആഘോഷത്തിന് മെക്സിക്കോയിലെത്തിയ ട്‌ലാസ്‌കാലയിൽ നിന്നുള്ള വിദ്യാർഥികളുടെ മൃതദേഹങ്ങളാണ് വെട്ടിനുറുക്കിയ നിലയിൽ ഹൈവേയിൽ നിന്ന് കണ്ടെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് 175 മൈൽ അകലെ, പ്യൂബ്ല, ഒക്സാക്ക എന്നീ മെക്സിക്കൻ സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള സാൻ ജോസ് മിയാഹുവാനിലാനിൽ ഉപേക്ഷിക്കപ്പെട്ട ഒരു കാറിന്റെ ട്രങ്കിനുള്ളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്.
കൊല്ലപ്പെട്ടവർ ‘ലോസ് സാക്കപോക്സ്റ്റ്‌ലാസ്’ എന്ന ക്രമിനിൽ സംഘത്തിലെ അംഗങ്ങളാണെന്ന് മെക്സിക്കൻ മാധ്യമമായ എൻവിഐ നോട്ടിഷ്യാസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 24ന് അറ്റ്‌ലിക്‌സ്‌കായോട്ട്‌ൽ ഹൈവേയിലൂടെ ഈ കാർ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏകദേശം 90 മൈൽ അകലെ അറ്റ്‌ലിക്‌സ്‌കോ പട്ടണത്തിനടുത്താണ് ഈ ഹൈവേ.
കൊല്ലപ്പെട്ട ഒൻപത് പേരിൽ എട്ട് പേരെ തിരിച്ചറിഞ്ഞു. ആഞ്ചി ലിസെത്ത് (29), ബ്രെൻഡ മാരിയേൽ (19), ജാക്വലിൻ ഐലെറ്റ് (23), നൊയ്മി യാമിലേത്ത് (28), ലെസ്‌ലി നോയ ട്രെജോ (21), റൗൾ ഇമ്മാനുവൽ (28),റൂബൻ അന്റോണിയോ, റോളണ്ടോ അർമാൻഡോ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.