അറുപതോളം സ്ത്രീകളെ മയക്കുമരുന്ന് നല്കി ബലാത്സംഗം ചെയ്ത കേസില്‍ ലണ്ടനില്‍ ചൈനീസ് സ്വദേശി അറസ്റ്റിലായി. ഷെന്‍ഹാവോ സൂ(28) എന്ന പിഎച്ച്ഡി വിദ്യാര്‍ഥിയെയാണ് ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് ഇതുവരെ പിടികൂടിയതില്‍വെച്ച് ഏറ്റവും വലിയ ലൈംഗിക വേട്ടക്കാരില്‍ ഒരാളായിരിക്കാം ഇയാളെന്ന് ലണ്ടന്‍ പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. സൂ ബലാത്സംഗം ചെയ്ത രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് കൂടാതെ, തിരിച്ചറിയാത്ത എട്ട് സ്ത്രീകളെയും സൂ പീഡിപ്പിച്ചതായി ഇന്നര്‍ ലണ്ടന്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കണ്ടെത്തി.
യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ(യുഎസിഎൽ) പിഎച്ച്ഡി വിദ്യാര്‍ഥിയാണ് ഇയാള്‍. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോകള്‍ ഇയാള്‍ ചിത്രീകരിക്കുകയും രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇരകളുടെ ആഭരണങ്ങളും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇയാള്‍ സൂക്ഷിച്ചിരുന്നു.
ഇയാള്‍ അപകടകാരിയാണെന്നും സംഭവത്തില്‍ കുറ്റവാളിയാണെന്നും ജഡ്ജി റോസിന കോട്ടേജ് വിചാരണക്കിടെ പറഞ്ഞു. ജൂണ്‍ 19നാണ് കേസില്‍ ശിക്ഷ വിധിക്കുക. വളരെ നീണ്ട ജയില്‍വാസം ശിക്ഷയായി വിധിക്കുമെന്ന് ജഡ്ജി മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇയാള്‍ 50 പേരെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വീഡിയോ തെളിവുകള്‍ സൂചന നല്‍കുന്നതെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മെറ്റ് പോലീസിന്റെ കമാന്‍ഡര്‍ കെവില്‍ സൗത്ത് വര്‍ത്ത് പറഞ്ഞു. രാസലഹരിയും മയക്കുമരുന്നു നൽകിയതിനാൽ ഇരയായവരില്‍ പലര്‍ക്കും ഇയാള്‍ യഥാര്‍ത്ഥത്തില്‍ തങ്ങളെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലും അറിയില്ലായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബലാത്സംഗം ചെയ്തതിനൊപ്പം ലൈംഗികമായി പീഡിപ്പിക്കല്‍, അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കല്‍, ഇരകളെ തടവിലാക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019നും 2024നും ഇടയിലാണ് ഇയാള്‍ ഇരകളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.
ഇയാളുടെ കിടപ്പുമുറിയില്‍ നിന്ന് ഒളിക്യാമറകള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് പുറമെ മയക്കുമരുന്നും ഒരു രാസവസ്തുവും പോലീസ് കണ്ടെത്തി. ചൈനയില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട സമയത്താണ് ഏഴ് ബലാത്സംഗങ്ങള്‍ നടന്നത്. അബോധാവസ്ഥയിലുള്ളതും അര്ധബോധാവസ്ഥയിലുള്ളതുമായ സ്ത്രീകളുമായി സൂ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകള്‍ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാല്‍, ഈ സ്ത്രീകളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. ലണ്ടനിലാണ് നാല് ബലാത്സംഗങ്ങള്‍ നടന്നത്. അതില്‍ രണ്ട് സ്ത്രീകളെ തിരിച്ചറിയുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.
ചില ബലാത്സംഗങ്ങള്‍ ബ്ലൂംസ്ബറിയിലെയും എലിഫന്റ് ആന്‍ഡ് കാസിലിലെയും സൂവിന്റെ ഫ്ളാറ്റുകളിലാണ് ചിത്രീകരിച്ചിരുന്നത്. മറ്റുള്ളവ ചൈനയിലെ ഒരു അജ്ഞാത സ്ഥലത്താണ് ചിത്രീകരിച്ചത്.
യുകെയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്ക്കെതിരേ വിദേശത്ത് ചെയ്ത കുറ്റകൃത്യത്തിന് കുറ്റം ചുമത്താന്‍ കഴിയും. അതിനാല്‍ ചൈനയില്‍ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിചാരണ നടത്താന്‍ അനുമതിയുണ്ടായിരുന്നു.
സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ് സൂവെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോളക്സ് വാച്ച്, ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്നിവ വാങ്ങാനും മുടി മാറ്റി വയ്ക്കല്‍, മുഖത്ത് ശസ്ത്രക്രിയകള്‍ എന്നിവ നടത്താനുള്ള പണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ പ്രതിമാസം 4000 പൗണ്ട് വാടകയായി നല്‍കിയിരുന്നു.
ക്യൂന്‍സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നതിനായാണ് 2017ലാണ് ഇയാള്‍ ബെല്‍ഫാസ്റ്റിലേക്ക് എത്തിയത്. 2019ല്‍ യുസിഎല്ലില്‍ നിന്ന് ബിരുദാനന്തര ബിരുദമെടുത്ത ഇയാള്‍ തുടര്‍ന്ന് പിഎച്ച്ഡിയും എടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു.