ന്യൂഡല്‍ഹി: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി കന്നഡ നടി രന്യ റാവു അറസ്റ്റിലായതോടെ ഈ വിഷയം വലിയ ചര്‍ച്ചയായിരിക്കെ വിദേശരാജ്യങ്ങളില്‍ നിന്ന് എത്രമാത്രം സ്വര്‍ണം നിയമാനുസൃതമായി കൊണ്ടുപോകാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യയില്‍ സ്വര്‍ണത്തിന് ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍ വില വളരെ കൂടുതലാണ്. എന്നാല്‍, പല വിദേശ രാജ്യങ്ങളിലും സ്വര്‍ണത്തിന് നികുതി ഈടാക്കുന്നില്ല.
അതിനാല്‍, ഈ രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ വില ഇന്ത്യയേക്കാള്‍ വളരെ കുറവാണ്. ഇത് പലരെയും ആകര്‍ഷിക്കുന്നു. ഉദാഹരണത്തിന്, 2025 മാര്‍ച്ച് അഞ്ചിന് യു.എ.ഇയില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ 10 ഗ്രാമിന് 83,670 രൂപയായിരുന്നു വില. എന്നാല്‍, ഇന്ത്യയില്‍ ഇതേ ദിവസം ഇതിന്റെ വില 87,980 രൂപയായിരുന്നു. ഈ വില വ്യത്യാസം തന്നെയാണ് പലരെയും വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള നിയമമനുസരിച്ച്, ഒരു പുരുഷന് 20 ഗ്രാമും ഒരു സ്ത്രീക്ക് 40 ഗ്രാമും സ്വര്‍ണം നികുതിയില്ലാതെ കൊണ്ടുപോകാം. 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 40 ഗ്രാം സ്വര്‍ണം കൊണ്ടുവരാവുന്നതാണ്. എന്നാല്‍, ഇതിനായി ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. പാസ്പോര്‍ട്ട് നിയമം 1967 അനുസരിച്ച്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാത്തരം സ്വര്‍ണവും (ആഭരണങ്ങള്‍, സ്വര്‍ണ്ണക്കട്ടികള്‍, നാണയങ്ങള്‍) കൊണ്ടുവരാവുന്നതാണ്. എന്നിരുന്നാലും, നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കൊണ്ടുവരുമ്പോള്‍ നികുതി നല്‍കേണ്ടി വരും.
നടി രന്യ റാവു 14.2 കിലോ ഗ്രാം സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. തിങ്കളാഴ്ച്ച ദുബൈയിയില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവിലിറങ്ങിയപ്പോഴാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ രന്യ നാലുതവണ ദുബൈ യാത്ര നടത്തിയിരുന്നു. ഈ ആവര്‍ത്തിച്ചു നടത്തിയ യാത്രയാണ് ഉദ്യോഗസ്ഥരില്‍ സംശയമുയര്‍ത്തിയത്. വിദേശ രാജ്യങ്ങളില്‍ സ്വര്‍ണ്ണത്തിന്റെ വില കുറവായതിനാല്‍, പലരും സ്വര്‍ണം കള്ളക്കടത്ത് ചെയ്യാന്‍ ശ്രമിക്കുന്നു. പ്രത്യേകിച്ച്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് സ്വര്‍ണം കൂടുതലായി കള്ളക്കടത്ത് ചെയ്യുന്നത്.
ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് ഉയര്‍ന്ന നികുതി ഈടാക്കുന്നതിനാല്‍, കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങി ഇവിടെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നവരാണ് കള്ളക്കടത്തിന് പിന്നില്‍. ഇത് കുറ്റകൃത്യങ്ങളുടെ ലോകത്തിലെ പഴയ വിഷയമാണ്. അണ്ടര്‍വേള്‍ഡ് തലവന്‍ ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും കടല്‍ മാര്‍ഗ്ഗം സ്വര്‍ണം കള്ളക്കടത്ത് ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ രീതിയിലുള്ള കള്ളക്കടത്തുകളാണ് നടക്കുന്നത്.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, യുഎഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് സ്വര്‍ണം വരുന്നത്. മ്യാന്‍മര്‍ രണ്ടാം സ്ഥാനത്തുണ്ട്. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും സ്വര്‍ണം കള്ളക്കടത്ത് ചെയ്യുന്നുണ്ട്. ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍, കള്ളക്കടത്ത് സ്വര്‍ണത്തിന്റെ 10 ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്.
2023-24 ല്‍ ഏകദേശം 4,869.6 കിലോഗ്രാം സ്വര്‍ണം പിടികൂടി. മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വര്‍ണം കള്ളക്കടത്ത് ചെയ്ത് പിടിക്കപ്പെട്ടാല്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ 5 ലക്ഷം രൂപ പിഴയും ജീവപര്യന്തം തടവും വിദേശ യാത്രക്ക് ആജീവനാന്ത വിലക്കും ലഭിക്കാം.