Monday, March 10, 2025

HomeMain Storyഅവകാശ സമത്വത്തിനും ശാക്തീകരണ സാഫല്യത്തിനുമായി വീണ്ടമൊരു വനിതാ ദിനം

അവകാശ സമത്വത്തിനും ശാക്തീകരണ സാഫല്യത്തിനുമായി വീണ്ടമൊരു വനിതാ ദിനം

spot_img
spot_img

എ.എസ് ശ്രീകുമാര്‍

നാളെ, മാര്‍ച്ച് എട്ടിന് സാര്‍വദേശീയ വനിതാദിനം നാം ആഘോഷിക്കുകയാണ്. ഭാര്യ, അമ്മ, മുത്തശ്ശി, മകള്‍, സഹോദരി, കൂട്ടുകാരി, മരുമകള്‍, അമ്മായിയമ്മ, ചെറുമകള്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ കെട്ടിയാടുന്ന സ്ത്രീയ്ക്കായി പ്രത്യേക ദിനം. ശാക്തീകരണവും സംവരണവുമൊക്കെ അവളെ ശക്തയാക്കിയോയെന്നത് ചിന്തനീയം. അടുക്കള തളത്തില്‍ പോലും നേര്‍ത്ത ശബ്ദത്തില്‍ മാത്രം സാന്നിധ്യം അറിയിച്ചിരുന്ന, സ്വന്തമായി ചിന്തയോ ഇഷ്ടങ്ങളോ ഇല്ലാതിരുന്നു അവള്‍ക്ക്. മറയ്ക്കുള്ളില്‍ കാല്‍ച്ചുവട്ടിലെ മണ്ണ് നോക്കി നടന്നിരുന്നവള്‍. വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ മാത്രം കേട്ടിരുന്ന ശബ്ദം ഇന്ന് ലോകത്തിന്റേതാകുന്നു. അടക്കിച്ചിരിക്കാന്‍ മാത്രമറിയാമായിരുന്ന സ്ത്രീ ലോകത്തെ നോക്കി ഉറക്കെ ചിരിക്കുന്നു. ലോക ചക്രത്തിനൊപ്പം ചിന്താശേഷി കൈവരിച്ച വനിതാ ലോകം ഞങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടു.

ഭരണ ചക്രം തിരിക്കുന്ന, പര്‍വതങ്ങള്‍ കീഴടക്കുന്ന, കായികരംഗത്ത് പുതിയ ദൂരവും വേഗവും തേടുന്ന, പുസ്തകത്താളില്‍ അക്ഷരങ്ങള്‍ നിറച്ച് അവള്‍ കുതിപ്പു തുടങ്ങി. തടയാന്‍ ശ്രമിച്ച കരങ്ങളെ സ്‌നേഹപൂര്‍വവും ബലമായും തട്ടിയെറിഞ്ഞ് ചിറകുവീശി പറന്നുയര്‍ന്നു. ലോകം വഴിമാറി. സമൂഹവും, നിയമങ്ങളും സുരക്ഷാ പദ്ധതികളും രചിക്കപ്പെട്ടു. ഭരണത്തില്‍ പകുതി നേടി. സൗന്ദര്യവും കഴിവും അളക്കാന്‍ മത്സരങ്ങള്‍ വന്നു. മാര്‍ഗരറ്റ് താച്ചറും ഇന്ദിരാ ഗാന്ധിയും സിരിമാവോ ബന്ദാര നായകെയും ചന്ദ്രികാ കുരമാതുംഗെയും ബേനസീര്‍ ഭൂട്ടോയും ഭരണ നേതൃത്വം വഹിച്ചവരില്‍ പ്രധാനികളാണ്.

കനല്‍ വിരിച്ച വഴികളിലൂടെ നടന്നവര്‍. വിമര്‍ശനങ്ങള്‍ ഏറെ ഏറ്റുവാങ്ങി. വാലന്റീന തെരഷ്‌കോവ. കല്‍പ്പന ചൗള, സുനിതാ വില്യംസ് തുടങ്ങിയവര്‍ ശൂന്യാകാശത്ത് സാന്നിധ്യമറിയിച്ചു. ആന്‍ ഫ്രാങ്ക്, വിര്‍ജീനിയ വുള്‍ഫ്, ജെയിന്‍ ഓസ്റ്റിന്‍, ജെ.കെ. റൗളിങ്, മാധവിക്കുട്ടി, ബാലാമണിയമ്മ, ഇന്ദിരാ ഗോസ്വാമി, അരുന്ധതി റോയി, അനിതാ ദേശായി, ലളിതാംബിക അന്തര്‍ജനം, ഉര്‍വശി ഭൂട്ടാലിയ, ശോഭാ ഡേ, മഹാശ്വേതാ ദേവി, ആശാപൂര്‍ണാ ദേവി, സാറാ ജോസഫ്, അനിതാ നായര്‍, കെ.ആര്‍ മീര, ഒ.വി ഉഷ തുടങ്ങിയവര്‍ സാഹിത്യലോകത്ത് കൈയ്യൊപ്പ് പതിപ്പിച്ചു.

വനിതകളോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും തെളിവാണ് അന്താരാഷ്ട്ര വനിതാദിനം. സ്ത്രീ വീടിന്റെ വിളക്കാണ്, നാലു ചുവരുകള്‍ക്കുള്ളിലെ ജോലി തിരക്കാണ് പലപ്പോഴും നല്ല ഒരു വീട്ടമ്മയുടെ സുഹൃത്ത്. അതിരാവിലെ എഴുന്നേല്‍ക്കുകയും എല്ലാവരും ഉറങ്ങിയ ശേഷം ഉറങ്ങാനും വിധിക്കപ്പെട്ടവള്‍. ഭര്‍ത്താവും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നതിനൊപ്പം അച്ഛനമ്മമാരുടെയും മറ്റിതര കുടുംബാംഗങ്ങളുടെയും അതിഥികളുടെയുമെല്ലാം ക്ഷേമവും ഉറപ്പു വരുത്തേണ്ട ചുമതല സ്ത്രീക്ക് മാത്രം സ്വന്തം.

അതേസമയം, ലിംഗ സമത്വത്തിനായി നിരന്തരം ചര്‍ച്ചകള്‍ നടക്കുമ്പോഴും ആഗോളതലത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും വലിയ വിവേചനം നേരിടുന്നതായി ഐക്യരാഷ്ട്ര സഭ വനിതാ ദിനത്തിന് മുന്നോടിയായി പിറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബാസൂത്രണം എന്നിവയുള്‍പ്പെടെ പല വിഷയങ്ങളിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ലോകം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. രാജ്യത്തെ 87 രാജ്യങ്ങള്‍ വനിതകളാണ് നിയന്ത്രിക്കുന്നത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മറുവശത്ത് ഒരോ പത്ത് മിനിറ്റിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ തന്റെ പങ്കാളിയാലോ കുടുംബാംഗങ്ങളാലോ കൊല്ലപ്പെടുന്നു എന്ന ഗുരുതരമായ കണ്ടെത്തലും യു.എന്‍ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.

ആഗോളതലത്തില്‍ തന്നെ സ്ത്രീകളുടെ അവകാശങ്ങള്‍ ചവിട്ടിയെരിക്കപ്പെടുന്നു എന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ”തുല്യാവകാശം ഉയര്‍ത്തിക്കാട്ടുന്നതിന് വിരുദ്ധമായി, സ്ത്രീവിരുദ്ധത വര്‍ധിക്കുന്ന സാഹചര്യമാണ് നമുക്ക് മുന്നിലുള്ളത്…” ഗുട്ടറസ് പറയുന്നു. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ മാത്രമാണ് ആരോഗ്യ സംരക്ഷണം, അക്രമത്തില്‍ നിന്നുള്ള സംരക്ഷണം, സാമൂഹിക സംരക്ഷണം എന്നിവ ലഭ്യമാകുന്നത്.

ലോകത്തെ 200 കോടിയോളം സ്ത്രീകളും ഇത്തരം സംരക്ഷണത്തിന് പുറത്താണ് ജീവിക്കുന്നത്. ലോകത്തെ 88 ശതമാനം രാജ്യങ്ങളിലും സ്ത്രീ സംരക്ഷണ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തരം നിയമങ്ങള്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെയും ജീവിതത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് നിയമപരമായ അവകാശങ്ങളുടെ 64 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളു എന്നും യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത് വഴി ഉദ്ദേശിക്കുന്നത്. 1857 മാര്‍ച്ച്, 8-ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തി. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ലോകവനിതാദിനമെന്ന ആശയം വന്നപ്പോള്‍ മാര്‍ച്ച് എട്ട് എന്നല്ലാതെ മറ്റൊരു തിയതിയും തിരഞ്ഞെടുക്കാന്‍ ആര്‍ക്കും തോന്നിയില്ല.

1975-ലാണ് യുന്‍ വനിതാ ദിനം അംഗീകരിച്ചതെങ്കിലും ആ യാത്ര ആരംഭിച്ചത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ നിന്നാണ്. അതും 1500 സ്ത്രീകള്‍ നടത്തിയ ഒരു തൊഴിലാളി ജാഥയില്‍ നിന്ന്. തൊഴില്‍ സമയം, വേതനം, വോട്ടവകാശം എന്നീ അവകാശങ്ങള്‍ ഉയര്‍ത്തിയായിരുന്നു വനിതകളുടെ ഈ റാലി. പിന്നീട് അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രാഷ്ട്ര വനിതാ ദിനം പ്രഖ്യാപിച്ചു. അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28-നാണ് ആദ്യവനിതാ ദിനാചരണം നടന്നത്.

1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന വനിതാ തൊഴിലാളികളുടെ അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകയും സ്ത്രീകളുടെ അവകാശപോരാട്ടങ്ങളുടെ നായികയുമായ ക്ലാര സീത്കിനാണ് അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയം ഉയര്‍ത്തുന്നത്. അങ്ങനെ 1911-ല്‍ ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കപ്പെട്ടു. പിന്നീട് 1917 മാര്‍ച്ച് എട്ടിന് റഷ്യയിലെ പെട്രോഗ്രഡില്‍ സ്ത്രീകള്‍ ഭക്ഷണത്തിനും സമാധാനത്തിനും വേണ്ടി നടത്തിയ ഒരു സമരം വനിതാ ദിനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി കണക്കാക്കുന്നു. റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നതും വനിതകള്‍ നടത്തിയ ഈ റാലിയായിരുന്നു.

‘ആക്‌സിലറേറ്റ് ആക്ഷന്‍’ എന്നതാണ് ഇക്കൊല്ലെത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments