വാഷിംഗ്ടൺ: അമേരിക്കൻ ശതകോടീശ്വരനും ഡോജിന്റെ മേധാവിയുമായ ഇലോൺ മസ് കിന് വിവിധ വിഷയങ്ങളിൽ സർക്കാരിനു ശുപാർശ ചെയ്യാനുളള അധികാരം മാത്രമാണുള്ളതെന്ന് പ്രസിഡന്റ് ട്രംപ്.
ശുപാർശകൾ പരിശോധിച്ച് അത് നടപ്പാക്കാനുള്ള അധികാരം മന്ത്രി സഭയ്ക്കാണ്.ഇലോൺ മസ്കിനു പിരിച്ചുവിടലുകളും മറ്റു വെട്ടിക്കുറയ്ക്കലുകളും ശുപാർശ ചെയ്യാൻ അധികാരമുണ്ടെങ്കിലും അവ നടപ്പിലാക്കാൻ അധികാരമില്ല. എത്രയാണു കുറയ്ക്കേണ്ടതെന്നു കൃത്യമായി കണക്കാക്കേണ്ടതുണ്ട് – ട്രംപ് വ്യക്തമാക്കി
ഇലോൺ മസ്കിന്റെ മേൽനോട്ടത്തിൽ ഡോജ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) നടപ്പിലാക്കുന്ന ചെലവു ചുരുക്കൽ നടപടികളെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾക്കു മറുപടിയായാണ് ഈ പ്രതികരണം.
പിരിച്ചുവിടലുകളും വെട്ടിക്കുറയ്ക്കലുകളും ശ്രദ്ധാപൂർവം ചെയ്യേണ്ടതുണ്ടെന്നു ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഡോജിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള നീക്കമാണു പോസ്റ്റിലൂടെ പുറത്തുവന്നിരിക്കുന്നതെന്നാണു വിലയിരുത്തൽ.
ഡോജും മസ്‌കും വേഗത്തിലാണോ കാര്യങ്ങൾ ചെയ്യുന്നതെന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ അല്ല എന്നാണ് ട്രംപ് പ്രതികരിച്ചത്. അവർ അതിശയകരമായ ജോലി ചെയ്യ്യന്നത്. ഉദ്യോഗസ്‌ഥരെ പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള ചെലവു ചുരുക്കൽ നടപടികളിൽ ഡോജുമായി ചേർന്നു പ്രവർത്തിക്കാൻ സെക്രട്ടറിമാർക്കും നേതൃത്വത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു