കീവ് : യുക്രൈൻ പിടിച്ചെടുത്ത കുർസ്ക്മേഖല തിരിച്ചുപിടിക്കാനായി റഷ്യൻ സൈന്യം ഗ്യാസ് പൈപ്പിലൂടെ നടന്നത് 15 കിലോ മീറ്ററിലധികം . ദിവസങ്ങൾക്കൊടുവിൽ പ്രദേശത്ത് എത്തി യുക്രൈൻ സേനയുമായി ഏറ്റുമുട്ടൽ നടത്തിയെങ്കിലും പൂർണ വിജയം നേനേടാൻ കഴിഞ്ഞില്ല.
യുക്രയിൻ മിന്നലാക്രമണത്തിലൂടെ പിടിച്ചെടുത്ത കുർസ്ക് മേഖല തിരിച്ചുപിടിക്കുകയായിരുന്നു റഷ്യൻ ലക്ഷ്യം. സൈനികർ ഗ്യാസ് പൈപ്പ് ലൈനിന് ഉള്ളിലൂടെ നടന്നെത്തി പിന്നിൽ നിന്ന് ആക്രമിച്ചു.
യുക്രയ്ൻ, റഷ്യൻ യുദ്ധബ്ലോഗർമാരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യൂറോപ്പിലേക്ക് ഗ്യാസ് കൊണ്ടുപോകുന്ന പൈപ്പ് ലൈനിനുള്ളിലൂടെ റഷ്യൻ സൈനികർ 15 കിലോമീറ്റർ നടന്നെത്തി ദിവസങ്ങളോളം ഉള്ളിൽ കഴിഞ്ഞ് സുദ്സ പട്ടണത്തിനു സമീപം യുക്രെയ്ൻ സേനയെ ആക്രമിക്കുകയായിരുന്നു.. യുക്രെയ്ൻ സേന പ്രതിരോധിച്ചതോടെ ലക്ഷ്യം നേടാനായില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് യുക്രെയ്ൻ സേന റഷ്യൻ അതിർത്തിയിലേക്ക് കടന്നുകയറി തന്ത്രപ്രധാനമായ അതിർത്തിപ്പട്ടണം സുദ്സ് ഉൾപ്പെടെ ആയിരം ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തത്. ഒട്ടേറെ റഷ്യൻ സൈനികരെ ബന്ദികളാക്കുകയും ചെയ്തു. ഭാവി സമാധാനചർച്ചകളിൽ വിലപേശൽ ശക്തി കൂട്ടുന്നതിനായിരുന്നു ഇത്. എന്നാൽ പിന്നീട് നിരന്തരമായ ആക്രമണത്തിലൂടെ റഷ്യ ഇതിൽ കുറെ ഭാഗം തിരിച്ചുപിടിച്ചു.
ഇതേസമയം, റഷ്യയുടെ മരവിപ്പിച്ച ആസ്തികളിൽ നിന്നുള്ള ലാഭത്തിൽ 19.5 കോടി യൂറോ (21.1 കോടി ഡോളർ) യുക്രെയിന് ആയുധസഹായമായി നൽകുമെന്ന് ഫ്രാൻസിന്റെ പ്രതിരോധ മന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു.