പാലക്കാട്: കഞ്ചിക്കോട്ടെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ബിഹാർ സ്വദേശിയെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച 1.7 കിലോ കഞ്ചാവുമായി ബിഹാർ സുൽത്താൻപൂർ സ്വദേശിയും കഞ്ചിക്കോട് കൊയ്യാമരക്കാട് സ്ഥിരതാമസക്കാരനുമായ യാസീൻ അൻസാരിയെ (32) ആണ് പൊലീസ് പിടികൂടിയത്.
തൊഴിൽ തേടി 9 വർഷം മുമ്പാണ് യാസീൻ അൻസാരി കഞ്ചിക്കോട് എത്തുന്നത്. ചെറിയ ജോലികൾ ചെയ്ത് തുടങ്ങിയ ഇയാൾ പിന്നീട് വ്യവസായ മേഖലയിൽ കട വാടകയ്ക്കെടുത്ത് കച്ചവടം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നയാളാണ് ഇയാൾ. പിന്നീട് ഇത് സ്ഥിരവരുമാനമായി തിരഞ്ഞെടുത്തു.
തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. പുകയില ഉത്പന്നങ്ങളും കഞ്ചാവും വിറ്റ പണം കൊണ്ട് കഞ്ചിക്കോട് ഭൂമി വാങ്ങി ആഡംബര വീട് നിർമിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പും കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.