എ.എസ് ശ്രീകുമാര്‍
ഹൂസ്റ്റണ്‍: കേരളത്തിന് പുറത്ത് ഇന്ത്യയിലും ലോകത്താകെയും വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒന്നിപ്പിക്കുന്ന മഹാ സംഘടനയായ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിനെ നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പൊന്നുപിള്ളയാണ് ചെയര്‍മാന്‍. എസ്.കെ ചെറിയാന്‍ പ്രസിഡന്റായി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് സ്ഥാപക നേതാവ് കൂടിയാണ് എസ്.കെ ചെറിയാന്‍.
സ്റ്റാഫോര്‍ഡ് സിറ്റിയിലെ ദേശി റസ്റ്ററന്റില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റായി ഡോ. മനു ചാക്കോ, വൈസ് ചെയര്‍മാനായി ഡോ. നൈനാന്‍ മാത്തുള്ള, ട്രഷററായി ജോര്‍ജ് തോമസ്, ജോയിന്റ് ട്രഷററായി ജോര്‍ജ് ഈപ്പന്‍, സെക്രട്ടറിയായി രാജേഷ് വി മാത്യു, ജോയിന്റ് സെക്രട്ടറിയായി എബ്രഹാം തോമസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന്റെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുമെന്ന് പ്രസിഡന്റ് എസ്.കെ ചെറിയാന്‍ പറഞ്ഞു.
”അമേരിക്കയിലെയും കേരളത്തിലെയും ചാരിറ്റി പ്രോജക്ടുകള്‍ക്ക് പുതുജീവന്‍ നല്‍കും. ഞാന്‍ സംഘടനയുടെ ഗ്ലോബല്‍ വൈസ് ചെയര്‍മാനായിരുന്ന കാലത്ത് പാലായ്ക്ക് സംമീപം കടപ്ലാമറ്റത്ത് ‘ഗ്രീന്‍ വില്ലേജ്’ എന്ന പേര്‍ 25 വീടുകളുടെ പ്രോജക്ട് ആരംഭിച്ചിരുന്നു. ഇതില്‍ 12 വീടുകള്‍ പൂര്‍ത്തിയാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് താക്കോലും നല്‍കുകയുണ്ടായി. ബാക്കി വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം…” എസ്.കെ ചെറിയാന്‍ വ്യക്തമാക്കി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാനായിരുന്ന ജോണി കുരുവിള സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് ഭവന രഹിതരായവര്‍ക്കുള്ള ഗ്രീന്‍ വില്ലേജ്. അതേസമയം, വരുന്ന ജൂണ്‍ 27, 28, 29, 30 തീയതികളില്‍ അസൈര്‍ബൈജാനിലെ ബക്കുവില്‍ നടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഹൂസ്റ്റണ്‍ പ്രോവിന്‍സിനെ സജ്ജമാക്കേണ്ടതുണ്ടെന്നും എസ്.കെ ചെറിയാന്‍ അറിയിച്ചു. ഈ കണ്‍വന്‍ഷനിലാണ് പുതിയ ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.