രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ്. മൗറീഷ്യസിന്റെ ദേശീയ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുക്കും. രാജ്യത്തെ പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
ചൊവ്വാഴ്ച അതിരാവിലെയാണ് പ്രധാനമന്ത്രി മൗറീഷ്യസിലെത്തിയത്. 200 വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം അദ്ദേഹത്തെ മാലയിട്ട് വരവേറ്റു. മൗറീഷ്യസ് ഉപപ്രധാനമന്ത്രി, മൗറീഷ്യസ് ചീഫ് ജസ്റ്റിസ്, ദേശീയ അസംബ്ലി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, കാബിനറ്റ് സെക്രട്ടറി, ഗ്രാന്‍ഡ്പോര്‍ട്ട് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
എംപിമാര്‍, എംഎല്‍എമാര്‍, നയതന്ത്ര പ്രതിനിധികള്‍, മതനേതാക്കള്‍ എന്നിവരുള്‍പ്പെടെ ഇരുന്നൂറോളം പ്രമുഖര്‍ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇത് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലത്തിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി അവിടെയെത്തിയത്. ശേഷി വികസനം, വ്യാപാരം, അതിര്‍ത്തി കടന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയില്‍ സഹകരണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് നിരവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
ഇന്ത്യ-മൗറീഷ്യസ് ബന്ധത്തിലെ പുതിയതും തിളക്കമേറിയതുമായ അധ്യായമായിരിക്കും തന്റെ സന്ദര്‍ശനമെന്ന് അവിടേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൗറീഷ്യസ് പ്രസിഡന്റിനെ പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുമായി അദ്ദേഹം വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യും. ഇതിന് ശേഷം മൗറീഷ്യസിലെ ഇന്ത്യന്‍ പ്രവാസികളുമായി അദ്ദേഹം സംവദിക്കും. ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച സിവില്‍ സര്‍വീസ് കോളേജും ഏരിയ ഹെല്‍ത്ത് സെന്ററും അദ്ഉദേഹം ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ ധനസഹായത്തോടെയുള്ള പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ശേഷി വികസനം മുതല്‍ അടിസ്ഥാന സൗകര്യം വരെയുള്ള ഇന്ത്യന്‍ ധനസഹായത്താല്‍ പൂര്‍ത്തിയാക്കിയ ഇരുപതിലധികം പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി മോദി നിര്‍വഹിക്കും.
തെക്കുകിഴക്കന്‍ ആഫ്രിക്കന്ദ്വീപ് രാഷ്ട്രമായ മൗറീഷ്യസില്‍ ജനാധിപത്യം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് പുതിയ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും.
പ്രധാനമന്ത്രി മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലും ചേര്‍ന്നാണ് സിവില്‍ സര്‍വീസസ് കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്. ഏകദേശം 4.75 മില്ല്യണ്‍ ഡോളര്‍ ചെലവിലാണ് കെട്ടിട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. 2017ലാണ് ഇത് നിര്‍മിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
ഏകദേശം ഏഴ് കോടി രൂപാ ചെലവില്‍ നിര്‍മിച്ച ഏരിയ ഹെല്‍ത്ത് സെന്ററും 20 കമ്യൂണിറ്റി പദ്ധതികളും മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.