ന്യൂയോര്‍ക്ക്: തീരുവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കളും മൂലം യുഎസ് ഓഹരികളില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച ഒറ്റ ദിവസം വലിയ തകര്‍ച്ചയാണ് വിപണിക്ക് നേരിടേണ്ടി വന്നത്. ഫെബ്രുവരി 19 ലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്ന് എസ് & പി 500 ഇപ്പോള്‍ 8 ശതമാനത്തിലധികം ഇടിഞ്ഞു.
ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 10 ശതമാനത്തിലധികം ഇടിഞ്ഞതിന് ശേഷം നാസ് ഡാക്ക് കോമ്പോസിറ്റ് ഔദ്യോഗികമായി തിരുത്തല്‍ മേഖലയിലേക്ക് പ്രവേശിച്ചു. സാമ്പത്തിക അനിശ്ചിതത്വം, മാന്ദ്യത്തെക്കുറിച്ചുള്ള ഭയം, വര്‍ധിച്ചുവരുന്ന വ്യാപാര പിരിമുറുക്കങ്ങള്‍ എന്നിവയൊക്കെ ഈ നിലയിലേക്ക് വിപണിയെ കൊണ്ടെത്തിച്ചതില്‍ പ്രധാന പങ്കുവഹിക്കുന്നു.
വ്യാപാര നയങ്ങളിലെ അനിശ്ചിതത്വങ്ങള്‍, മാന്ദ്യ സാധ്യതയെക്കുറിച്ചുള്ള ഭയം, ഉയര്‍ന്ന ഓഹരി മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് സമീപകാല ഇടിവിന് കാരണമാവുന്നത്. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്ത ശേഷമാണ് ഇതില്‍ പ്രകടമായ മാറ്റമുണ്ടായത്. കൂടാതെ ട്രംപിന്റെ പുതിയ തീരുവ നയങ്ങളും വലിയ തോതില്‍ നിക്ഷേപകരെ വില്‍പ്പന സമര്‍ദ്ദത്തിലേക്ക് നയിച്ചിട്ടുണ്ട്.
വലിയ സാമ്പത്തിക മാന്ദ്യത്തിന് വഴിയൊരുക്കുന്ന തീരുവ നയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ട്രംപ് തള്ളിയതോടെയാണ് നിക്ഷേപകര്‍ ഓഹരികള്‍ വിട്ടൊഴിഞ്ഞതെന്നതാണ് ശ്രദ്ധേയമായ കാര്യം. ട്രംപിന്റെ നയങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിയൊരുക്കുമെന്ന ഭയം ഒരുവശത്ത് ശക്തമായതോടെയാണ് യുഎസിലെ വിപണികള്‍ ഒറ്റയടിക്ക് വീണത്.
വിപണി മൂല്യത്തില്‍ 4 ട്രില്യണ്‍ യുഎസ് ഡോളറിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത്രയും വലിയ ഇടിവ് അപ്രതീക്ഷിതമായിരുന്നു എന്ന് വേണം പറയാന്‍. ഈ വീഴ്ച്ച ഇലോണ്‍ മസ്‌കിന്റെ ടെസ്ല അടക്കമുള്ള കമ്പനികളെ സാരമായി ബാധിച്ചു. ടെസ്ലയുടെ വിപണി മൂല്യം 125 ബില്യണ്‍ ഡോളറില്‍ അധികം ഇടിവാണ് നേരിട്ടത്.
വെള്ളിയാഴ്ച ക്ലോസിങ്ങില്‍ വളരെ താഴ്ന്ന നിലയില്‍ നിര്‍ത്തിയ മാര്‍ക്യൂ സൂചികയായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ 2.08 ശതമാനം അഥവാ 890.01 പോയിന്റുകളുടെ വന്‍ ഇടിവോടെ തിങ്കളാഴ്ച വലിയ നഷ്ടമാണ് നേരിട്ടത്. യുഎസ് സൂചികയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി ഉള്‍പ്പെടെ ഇന്ന് വലിയ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇത് ആഗോള തലത്തില്‍ കൂടുതല്‍ വിപണികളെ ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍.
വരാനിരിക്കുന്ന പണപ്പെരുപ്പ റിപ്പോര്‍ട്ട്, ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് തീരുമാനങ്ങള്‍, സമ്പദ്വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ഘടകങ്ങളില്‍ നിക്ഷേപകര്‍ ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോള്‍. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടും കുറയുന്നത് വിപണികളെ കൂടുതല്‍ ബാധ്യതകളിലേക്ക് ആവും തള്ളിവിടുക.