വെര്‍ജീനിയ: പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി സുദിക്ഷ കൊണങ്കിയെ കാണാതായ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. 20 കാരിയായ ഇന്ത്യന്‍ വംശജയായ സുദിക്ഷയെ ഡോമിനിക്കന്‍ റിപ്പബ്ലിക്കിലെ പുന്റാ കാനയില്‍ വച്ച് കാണാതാവുകയായിരുന്നു. മാര്‍ച്ച് ആറിന് രാവിലെ 4.50 ഓടെ റിയു റിപ്പബ്ലിക്ക റിസോര്‍ട്ട് ബീച്ചില്‍ വച്ചാണ് സുദിക്ഷയെ അവസാനമായി കണ്ടത്.
സുദിക്ഷയെ തട്ടിക്കൊണ്ടുപോയെന്നാണ് കുടുംബം സംശയിക്കുന്നത്. സുദിക്ഷ കടലില്‍ ചാടി മുങ്ങി മരിച്ചതാകാമെന്നാണ് പ്രാദേശിക അധികൃതരുടെ നിഗമനം. എന്നാല്‍, തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ കൂടുതല്‍ ദുരൂഹതകളുണ്ടെന്ന് പറയുന്നു.
സുദിക്ഷയുടെ മാതാപിതാക്കളും രണ്ട് കുടുംബ സുഹൃത്തുക്കളും വെര്‍ജീനിയയിലെ വീട്ടില്‍ നിന്ന് മകളെ കാണാതായ വിവരമറിഞ്ഞ് പുന്റാ കാനയിലേക്ക് പറന്നു. അപകടമരണ സാധ്യത മാത്രമല്ല, തട്ടിക്കൊണ്ടുപോകല്‍ അല്ലെങ്കില്‍ ദുരൂഹമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കന്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
‘അവളുടെ ഫോണും വാലറ്റും പോലുള്ള വ്യക്തിപരമായ സാധനങ്ങള്‍ അവളുടെ സുഹൃത്തുക്കളുടെ പക്കല്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. അവള്‍ എപ്പോഴും ഫോണ്‍ കൊണ്ടുനടക്കുന്നതിനാല്‍ ഇത് അസാധാരണമാണ്’ പരാതിയില്‍ പറയുന്നു.
ഡോമിനിക്കന്‍ റിപ്പബ്ലിക് മാധ്യമമായ ലിസ്റ്റിന്‍ ഡയറിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സുദിക്ഷയെ അവസാനമായി കാണുന്നതിന് മുന്‍പ് യുവതിയുടെ കൂടെ നീന്തുന്നത് കണ്ട ‘യുവാവിനെ’ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ യുവാവ് സുദിക്ഷയുടെ സഹപാഠികളില്‍ ഒരാളാണോ എന്ന് വ്യക്തമല്ല. സുദിക്ഷയോടൊപ്പം യാത്ര ചെയ്ത പിറ്റില്‍ നിന്നുള്ള സഹപാഠികളെയും യുവാവിന്റെ പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കാനായി ചോദ്യം ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.