വാഷിംഗ്ടണ്‍: വീണ്ടും തീരുവ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയില്‍ നിന്നും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും ഇരട്ടച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ട്രംപ് നടത്തി. താരിഫ് വര്‍ധനവ് സംബന്ധിച്ച കാര്യം ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലാണ് പോസ്റ്റ് ചെയ്തത്. വൈദ്യുതി താരിഫ് കാനഡ ഇരിട്ടിയാക്കിയതിനു പ്രതികാരമായാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വാദം
ഇരട്ടത്താരിഫ് നടപ്പാക്കുമ്പോള്‍ 25 മുതല്‍ 50 ശതമാനം വരെ വില വര്‍ധനവ് ഉണ്ടാകും. ബുധനാഴ്ച്ച മുതല്‍ ഈ വര്‍ധനവ് നടപ്പാക്കും. താരിഫ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോയ്ക്ക് സമീപമുള്ള മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചു.
അമേരിക്കന്‍ ഡയറി ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് കാനഡ നീക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഡയറി മേഖലയിലെ താരിഫ് കാനഡയും അമേരിക്കയും തമ്മിലുള്ള രാജ്യാന്തര വ്യാപാരത്തില്‍ പ്രശ്‌നകരമായ ഒരു മേഖല ആണ്. കാനഡയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള നികുതിയും വര്‍ധിപ്പിക്കുമെന്ന ഭീഷണിയും മുന്നോട്ടു വെച്ചു.
ഇത് കാനഡയിലെ ഓട്ടോമൊബൈല്‍ ഉത്പാദന മേഖലയെ കാര്യമായ പ്രതിസന്ധിയുണ്ടാക്കും. കനേഡിയന്‍ കാറുകള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ ഒരു തന്ത്രമാണെനന്നു വാദിക്കുന്നവരുമുണ്ട്. രണ്ടാം ട്രംപ് ഭരണകൂടം കാനഡയ്‌ക്കെതിരേ രംഗത്തുവരുന്നതായി കാനഡയില്‍ വ്യാപക പ്രചാരണവും ആരംഭിച്ചു. വരും ദിവസങ്ങളില്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്നത് ഉറപ്പാണ്.