ബംഗളൂരു: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വര്‍ഷത്തിന് ശേഷം പൊലീസില്‍ പരാതി. ഹെലികോപ്റ്റര്‍ തകര്‍ന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടന് മോഹന്‍ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ജല്‍പ്പള്ളിയിലുള്ള ആറേക്കര്‍ ഭൂമിയുടെ പേരില്‍ സൗന്ദര്യയും മോഹന്‍ബാബുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ ഭൂമി കിട്ടാന്‍ വേണ്ടി മോഹന്‍ ബാബു സൗന്ദര്യയെ കൊലപ്പെടുത്തി എന്നാണ് പരാതി.
മോഹന്‍ ബാബുവും മകന് മഞ്ചു മനോജും തമ്മിലുള്ള വസ്തു തര്‍ക്കം കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. പിന്നാലെയാണ് ഒരു സ്വകാര്യ വ്യക്തി ഇത്തരത്തില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 2004 ഏപ്രില്‍ 17-ന് ആന്ധ്രപ്രദേശില്‍ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണാണ് സൗന്ദര്യ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ മലയാളിയായ പൈലറ്റ് ജോയ് ഫിലിപ്പ്, സൗന്ദര്യയുടെ സഹോദരന് അമര്‍നാഥ് ഷെട്ടി, ബിജെപി പ്രവര്ത്തകന് രമേഷ് കദം എന്നിവരും ഉള്‍പ്പെട്ടിരുന്നു.