തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനം. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ചേരുന്ന 13ന് രാവിലെ 10.15നാണ് അടുപ്പുവെട്ട്. 9.45ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകൾ ആരംഭിക്കും. കണ്ണകി ചരിതത്തിൽ പാണ്ഡ്യ രാജാവിന്റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ചാലുടനെ, തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽനിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകരും.
വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലെ പണ്ടാര അടുപ്പിലും ദീപം കൊളുത്തും. പണ്ടാര അടുപ്പിൽനിന്നു പകരുന്ന ദീപമാണു ഭക്തരുടെ അടുപ്പുകളെ ജ്വലിപ്പിക്കുക.
ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. 11.15ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. അടുത്ത ദിവസം രാവിലെ 5ന് പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10ന് കാപ്പഴിക്കും. രാത്രി ഒന്നിനു നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.