വാഷിങ്ടൻ∙ കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വകുപ്പിലെ പകുതിയോളം ജീവനക്കാർക്ക് ജോലി നഷ്ടമായി. ഇവർക്ക് ജൂൺ 9 വരെയുള്ള ശമ്പളം ലഭിക്കുമെന്ന് യുഎസ് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
ന്യൂയോർക്ക്, ബോസ്റ്റൺ, ചിക്കാഗോ, ക്ലീവ്‌ലാൻഡ് തുടങ്ങിയ നഗരങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് പാട്ടത്തിനെടുത്ത കെട്ടിടങ്ങളുടെ കരാറും അവസാനിപ്പിച്ചു. സ്കൂളുകൾക്ക് നൽകുന്ന ധനസഹായം, ഗ്രാന്റ് എന്നിവ തുടരുമെന്നും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
‘‘കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 4,100 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 600 പേർ രാജിവയ്ക്കും. മാർച്ച് 21 മുതൽ നിർബന്ധിത അവധിയിൽ പ്രവേശിക്കുന്ന 1300–പേർക്ക് അനുകൂല്യങ്ങൾ ലഭിക്കും’’–മക്മഹോൺ പറഞ്ഞു.