ന്യൂഡല്‍ഹി: മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ ഈദ് ദിനത്തില്‍ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി ബിജെപി. രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ നല്‍കുന്ന ഈ കിറ്റുകള്‍ ‘സൗഗത്-ഇ-മോദി’ എന്ന പേരിലാണ് വിതരണം ചെയ്യുക. രാജ്യത്തെ മറ്റ് ന്യൂനപക്ഷങ്ങളുടെ ആഘോഷങ്ങള്‍ക്കും ഇത്തരം സഹായകിറ്റുകള്‍ വിതരണം ചെയ്യുമെന്നും ബിജെപി അറിയിച്ചു.
ബിജെപിയിലെ ന്യൂനപക്ഷ വിഭാഗമായ അലാപ്സന്‍ഖായക് മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കുന്നത്. “മാര്‍ച്ച് 31നാണ് ഈദ് ആഘോഷം നടക്കുകയെന്ന് കരുതുന്നു. അന്നേദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള സമ്മാനം രാജ്യത്തെ ദരിദ്രരായ 32 ലക്ഷം മുസ്ലീം കുടുംബങ്ങള്‍ക്ക് എത്തിക്കും,” എന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി പറഞ്ഞു.
ജില്ലാതലത്തില്‍ സൗഗത്-ഇ-മോദി കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ട് ഈദ് മിലന്‍ ചടങ്ങ് സംഘടിപ്പിക്കുമെന്നും ബിജെപി ന്യൂനപക്ഷ മോര്‍ച്ച അറിയിച്ചു. പാര്‍ട്ടിയിലെ 32,000 പ്രവര്‍ത്തകര്‍ ഈദ് ദിനത്തില്‍ രാജ്യമെമ്പാടും ‘സൗഗത്-ഇ-മോദി’ എന്ന് പേരിട്ടിരിക്കുന്ന സഹായ കിറ്റുകള്‍ വിതരണം ചെയ്യാന്‍ മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യത്തെപ്പറ്റിയും പ്രധാനമന്ത്രി മോദിയുടെ ‘സബ് കാ സാത്ത്, സാബ് കാ വികാസ്’ എന്ന സന്ദേശവും ഈദ് ദിനത്തില്‍ രാജ്യമെമ്പാടും പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“സൗഗത്-ഇ-മോദി എന്നി പേരിട്ടിരിക്കുന്ന ഈ ക്യാംപെയ്ന്‍ ദുഃഖവെള്ളി, ഈസ്റ്റര്‍, നവ്‌റോസ് തുടങ്ങിയ ആഘോഷങ്ങളിലും പ്രവര്‍ത്തനക്ഷമമാകും. ഈ ആഘോഷങ്ങളോട് അനുബന്ധിച്ച് ന്യൂനപക്ഷ സമുദായങ്ങളിലെ ജനങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് തുടരും,” അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
പാര്‍ട്ടിയിലെ 32,000 പ്രവര്‍ത്തകര്‍ പള്ളികളിലെ ഭാരവാഹികളുമായി ബന്ധപ്പെടുമെന്നും സൗഗത്-ഇ-മോദി കിറ്റുകള്‍ ദരിദ്രരായ 32 ലക്ഷം കുടുംബങ്ങള്‍ക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“പള്ളികളില്‍ നിന്ന് ശേഖരിച്ച പട്ടികയില്‍ നിന്നും കുറഞ്ഞത് 100 ദരിദ്രകുടുംബങ്ങളെ തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മാനമായി സൗഗത്-ഇ-മോദി കിറ്റുകള്‍ നല്‍കാന്‍ പാര്‍ട്ടിയിലെ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈദ് ആഘോഷത്തിനും ഇഫ്താറിനും ആവശ്യമായ എല്ലാ സാധനങ്ങളും സൗഗത്-ഇ-മോദി കിറ്റില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതി ഈസ്റ്റര്‍, നവ്‌റോസ്, ദുഃഖവെള്ളി ആഘോഷങ്ങളോടനുബന്ധിച്ചും നടത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ആഘോഷവേളയില്‍ സാഹോദര്യത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ജമാല്‍ സിദ്ദിഖി അറിയിച്ചു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മോര്‍ച്ചയുടെ ദേശീയ ചുമതലക്കാരനുമായ ദുഷ്യന്ത് കുമാര്‍ ഗൗതം, ന്യൂനപക്ഷ മുന്നണി ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി എന്നിവരുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.