കൊച്ചി: ലബനനില്‍ 25ന് നടക്കുന്ന യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വാഴിക്കല്‍ ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി നിയമമന്ത്രി പി രാജീവ് പങ്കെടുക്കുന്നതിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. അതേസമയം നിയമവിരുദ്ധമായ കാര്യത്തിന് കേരളത്തിന്റെ നിയമ മന്ത്രി തന്നെ കാര്‍മികനാകുന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭ നിലപാട് കര്‍ക്കശമാക്കി പ്രമേയവും ഇതിനിടെ പാസാക്കി.
കേവലം എറണാകുളം ജില്ലയിലെ മാത്രം വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന രാഷ്ട്രീയകളി തിരിച്ചറിയുമെന്നും രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ചിലര്‍ വീഴുമെന്നും ചിലര്‍ വാഴുമെന്നും സഭാ മാനേജിംഗ് കമ്മിറ്റി മുന്നറിയിപ്പു നല്‍കി. മലങ്കര സഭയുടെ ശാശ്വത സമാധാനം തകര്‍ക്കാനും ഭാരതമണ്ണില്‍ ആശാന്തി വിതയ്ക്കാനുമാണ് പാത്രിയാര്‍ക്കീസ് ബാവ ശ്രമിക്കുന്നത്. അതിനെ സര്‍ക്കാര്‍ പിന്തുണക്കുകയാണ്.
ഈ രാജ്യത്തിന്റെ ഭരണഘടനയോടും നിയമസംവിധാനങ്ങളോടും വിധേയത്വം പ്രഖ്യാപിച്ച് നിലകൊള്ളുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയെ വ്യവഹാരങ്ങളിലേക്ക് വലിച്ചിട്ടവര്‍ക്കുള്ള അവസാനവാക്കാണ് 2018 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെന്നും പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു ശമ്മാശനെപോലും മലങ്കരയില്‍ നിയമിക്കാനുള്ള അധികാരം പാത്രിയാര്‍ക്കിസ് ബാവയ്ക്കില്ല. എന്നാല്‍ സമാന്തര ഭരണത്തിനു തുടക്കമിടാന്‍ വീണ്ടും ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമാണ് ലെബനനില്‍ 25 നടക്കുന്ന ബദല്‍ കാതോലിക്കയെ വാഴിക്കല്‍ ചടങ്ങെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
അതേസമയം സ്ഥാനാരോഹണ ചടങ്ങിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ മുന്‍ വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ നയിക്കും. ബെന്നി ബഹനാന്‍ എംപി, ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം, ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് എന്നിവരാണ് സംഘത്തിലെ മറ്റ് അം?ഗങ്ങള്‍.
ലബനന്‍ പ്രസിഡന്റ് ജനറല്‍ ജോസഫ് ഖലീല്‍ ഔന്‍ ഉള്‍പ്പെടെ വിശിഷ്ട വ്യക്തികളും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളും കേരളത്തില്‍ നിന്നും വിദേശത്തു നിന്നുമായി 700-ല്‍പരം വ്യക്തികള്‍ ശുശ്രൂഷകളില്‍ പങ്കെടുക്കും. മാര്‍ച്ച് 25-ന് ലബനനിലെ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ അരമനയോടു ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. വൈകിട്ട് 4 മണിയ്ക്ക് പാത്രിയാര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടക്കുന്നത്.
ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. മാര്‍ച്ച് 26ന് പരിശുദ്ധ ബാവായുടെ അധ്യക്ഷതയില്‍ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേരും. 1994 ജനുവരി 16-ന് 33-ാം വയസ്സില്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായാണ് ഡമാസ്‌കസില്‍ കൊച്ചി ഭദ്രാസനത്തിനു വേണ്ടി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ മെത്രാപ്പൊലീത്തയായി വാഴിച്ചത്. 18 വര്‍ഷം യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.